Asianet News MalayalamAsianet News Malayalam

മറക്കാന്‍ പറ്റുവോ ഏകദിന ലോകകപ്പ് ഹീറോയിസം; സ്റ്റോക്‌സിന് ഐതിഹാസിക യാത്രയപ്പ് നല്‍കി കാണികള്‍- വീഡിയോ

നേരത്തെ മത്സരത്തിന്‍റെ തുടക്കത്തിലും സ്റ്റോക്സിന് താരങ്ങളും ആരാധകരും ആദരം അര്‍പ്പിച്ചിരുന്നു

ENG vs SA 1st ODI Watch Emotional odi farewell for Ben Stokes
Author
Riverside Ground, First Published Jul 20, 2022, 8:37 AM IST

റിവര്‍സൈഡ് ഗ്രൗണ്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തോടെ(ENG vs SA 1st ODI 2022) ഇംഗ്ലണ്ടിന്‍റെ വണ്‍ഡേ ജേഴ്സി അഴിക്കുമെന്ന് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്(Ben Stokes) നേരത്തെ അറിയിച്ചിരുന്നു. അതിനാല്‍ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് 2019 ഏകദിന ലോകകപ്പിലെ സൂപ്പര്‍ ഹീറോയെ ഇംഗ്ലണ്ട് ക്രിക്കറ്റ് മൈതാനത്തേക്ക് ആനയിച്ചത്. സ്റ്റോക‌്‌സ് മൈതാനത്തെത്തിയപ്പോള്‍ ഡ്രസിംഗ് റൂമിലുണ്ടായിരുന്ന ഇംഗ്ലീഷ് താരങ്ങളും പരിശീലകരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. എന്നാല്‍ ഏറെ പ്രതീക്ഷയുമായി മൈതാനത്തെത്തിയ ബിഗ് ബെന്നിന് മത്സരം നിരാശയായി. 

വിടവാങ്ങൽ ഏകദിന ഇന്നിംഗ്സില്‍ ബെന്‍ സ്റ്റോക്സ് വെറും 5 റൺസിന് പുറത്തായി. 11 പന്ത് നേരിട്ട് ബൗണ്ടറിയൊന്നും നേടാതിരുന്ന താരത്തെ പ്രോട്ടീസ് ഓള്‍റൗണ്ടര്‍ എയ്ഡന്‍ മര്‍ക്രാം ആണ് മടക്കിയത്. പവലിയനിലേക്ക് മടങ്ങുമ്പോള്‍ സ്റ്റോക്സിനെ കാണികൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആദരം അറിയിച്ചത് മൈതാനത്തെ മനോഹര കാഴ്‌ചയായി. ഈസമയം കലങ്ങിയ കണ്ണുകളുമായാണ് കാണികളെ ഏകദിന കരിയറില്‍ അവസാനമായി അഭിവാദ്യം ചെയ്ത് ചാമ്പ്യന്‍ താരം നടന്നുനീങ്ങിയത്. ടെസ്റ്റ് ടീമിന്‍റെ നായകനായ ബെൻ സ്റ്റോക്സ് ട്വന്‍റി 20 മത്സരങ്ങളിലും തുടർന്നും കളിക്കും. ഇംഗ്ലണ്ട് കഴിഞ്ഞ ഏകദിന ലോകകപ്പിൽ ചാമ്പ്യന്മാരായപ്പോൾ ഫൈനലിൽ കളിയിലെ താരം സ്റ്റോക്സ് ആയിരുന്നു. മൂന്ന് ഫോര്‍മാറ്റുകളിലേയും സ്ഥിരം താരമെന്ന നിലയിലുള്ള മത്സരത്തിരക്കാണ് സ്റ്റോക്‌സിന്‍റെ ഏകദിന വിരമിക്കലിന് പിന്നിലെ കാരണം. മുപ്പത്തിയൊന്നുകാരനായ സ്റ്റോക്‌സ് 105 ഏകദിനങ്ങളില്‍ 2924 റണ്‍സും 74 വിക്കറ്റും നേടിയിട്ടുണ്ട്. 

കരിയറിലെ അവസാന ഏകദിന മത്സരത്തില്‍ ബെന്‍ സ്റ്റോക്‌സിന് ജയത്തോടെ യാത്രയപ്പ് നല്‍കാന്‍ ഇംഗ്ലീഷ് സഹതാരങ്ങള്‍ക്കായില്ല. റിവര്‍സൈഡ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ട് 62 റൺസിന്‍റെ തോൽവി നേരിട്ടു. ദക്ഷിണാഫ്രിക്കയുടെ 333 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 46.5 ഓവറില്‍ 271ന് പുറത്തായി. ആന്‍‌റിച്ച് നോര്‍ക്യയുടെ നാല് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ജോണി ബെയ്ർസ്റ്റോ(63), ജോ റൂട്ട്(86) എന്നിവരുടെ അർധ സെഞ്ചുറിയും ഇംഗ്ലണ്ടിനെ രക്ഷിച്ചില്ല. ബാറ്റിംഗില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി റാസി വാൻഡർ ഡസ്സനാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ജയമൊരുക്കിയത്. 117 പന്തിൽ 133 റൺസെടുത്താണ് വാൻഡർ ഡസ്സൻ മടങ്ങിയത്. എയ്ഡൻ മർക്രാം 77ഉം ജന്നെമാൻ മാലൻ 57ഉം റൺസെടുത്തു. 

വാൻഡർ ഡുസൻ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റന്‍ ജയം; കണ്ണീരോടെ ഏകദിനം മതിയാക്കി സ്റ്റോക്‌സ്

Follow Us:
Download App:
  • android
  • ios