മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 28 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആദ്യദിനം സ്റ്റംപെടുക്കുകയായിരുന്നു

മാഞ്ചസ്റ്റര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ മികച്ച ലീഡ് ലക്ഷ്യമിട്ട് ഇംഗ്ലണ്ട് രണ്ടാംദിനം ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും. ദക്ഷിണാഫ്രിക്കയുടെ 151 റൺസിനെതിരെ 3ന് 111 റൺസെന്ന നിലയിലാണ് ഇന്നലെ ഇംഗ്ലണ്ട് ബാറ്റിംഗ് അവസാനിപ്പിച്ചത്. 77 പന്തില്‍ 17 റൺസുമായി സാക്ക് ക്രൗലിയും 45 പന്തില്‍ 38 റൺസുമായി ജോണി ബെയ്ർസ്റ്റോയുമാണ് ക്രീസിലുള്ളത്. പ്രോട്ടീസ് സ്‌കോറിനേക്കാള്‍ 40 റണ്‍സ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്. അലക്സ് ലീസ്, ഒല്ലി പോപ്പ്, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 28 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആദ്യദിനം സ്റ്റംപെടുക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ ഓപ്പണര്‍ അലക്‌സ് ലീസിനെ ലുങ്കി എന്‍ഗിഡി പുറത്താക്കി. നാല് റണ്‍സ് മാത്രമേ ലീസ് നേടിയുള്ളൂ. പിന്നാലെ ഓലീ പോപ്പിനെ നോര്‍ക്യ ബൗള്‍ഡാക്കിയപ്പോള്‍ മുന്‍ നായകന്‍ ജോ റൂട്ടിനെ കാഗിസോ റബാഡയും പുറത്താക്കി. പോപ് 23ഉം റൂട്ട് 9ഉം റണ്‍സേ നേടിയുള്ളൂ. 

നേരത്തെ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന്‍റെ പേസ് കരുത്തിന് മുന്നിൽ തകരുന്നതാണ് കണ്ടത്. 53.2 ഓവറില്‍ 151 റൺസിന് ദക്ഷിണാഫ്രിക്ക ഓൾഔട്ടായി. വെറ്ററന്‍ പേസര്‍മാരായ സ്റ്റുവർട്ട് ബ്രോഡും ജിമ്മി ആൻഡേഴ്സനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രണ്ട് വിക്കറ്റ് നേടി. 72 പന്തില്‍ 36 റണ്‍സുമായി വാലറ്റത്ത് പ്രതിരോധത്തിന് ശ്രമിച്ച പേസര്‍ കാഗിസോ റബാഡയാണ് പ്രോട്ടീസിന്‍റെ ടോപ് സ്‌കോറര്‍. നായകന്‍ ഡീന്‍ എല്‍ഗാര്‍ 12നും കീഗന്‍ പീറ്റേഴ്‌സണും കെയ്‌ല്‍ വരെയ്‌നും 21 റണ്‍സുമായും പുറത്തായി. ജിമ്മി 15 ഓവറില്‍ 32 റണ്‍സിനും ബ്രോഡ് 11 ഓവറില്‍ 37 റണ്‍സിനുമാണ് മൂന്ന് പേരെ വീതം മടക്കിയത്. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സിനും 12 റൺസിനും ജയിച്ചിരുന്നു.

യുവേഫ പുരസ്‌കാരങ്ങള്‍: യൂറോപ്പിന്‍റെ രാജാവായി ബെന്‍സേമ, അലക്‌സിയ മികച്ച വനിതാ താരം, ആഞ്ചലോട്ടി പരിശീലകന്‍