കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗം മോയിന്‍ അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച ശ്രീലങ്കയിലെ ഹംബന്‍ട്ടോട്ട വിമാനത്താവളത്തിലെത്തിയശേഷം ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് മോയിന്‍ അലിക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മോയിന്‍ അലിയെ 10 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.മോയിന്‍ അലിയുമായി അടിത്തിടപഴകിയ ഇംഗ്ലണ്ട് താരം ക്രിസ് വോക്സിനെയും ഐസൊലേറ്റ് ചെയ്യാനും നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. മറ്റ് താരങ്ങള്‍ക്കാര്‍ക്കും കൊവിഡ് ഇല്ലെങ്കിലും നാളെ രാവിലെ വീണ്ടും ഇംഗ്ലണ്ട് താരങ്ങളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കും.

ബുധനാഴ്ച ഇംഗ്ലണ്ട് താരങ്ങള്‍ ശ്രീലങ്കയില്‍ പരിശീലനത്തിന് ഇറങ്ങും. ഈ മാസം 14നാണ് രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ്. 22 മുതല്‍ 26വരെയാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ്. ശ്രീലങ്കന്‍ പര്യടനത്തിനുശേഷം ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനായി എത്തും.