ടെസ്റ്റ് ക്രിക്കറ്റിന്റെ 142 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ് ജഴ്സിയിൽ പേരും നമ്പരും ആലേഖനം ചെയ്യുന്നത്.

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിൽ വലിയ മാറ്റത്തിനൊരുങ്ങി ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾ. വരുന്ന ആഷസ് പരമ്പരയിൽ പേരും നമ്പരുമുള്ള ജഴ്സി ധരിച്ചാവും ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങൾ കളിക്കാനിറങ്ങുക. ടെസ്റ്റ് ക്രിക്കറ്റിന്റെ 142 വർഷത്തെ
ചരിത്രത്തിൽ ആദ്യമാണ് ജഴ്സിയിൽ പേരും നമ്പരും ആലേഖനം ചെയ്യുന്നത്.

ലോകകപ്പിന് ശേഷം ഓഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റണിലാണ് ആഷസ് പരമ്പരയ്ക്ക് തുടക്കമാവുക. 1992 ലോകകപ്പിലാണ് കളർ ജഴ്സി ക്രിക്കറ്റിൽ ആദ്യമായി ഉപയോഗിക്കുന്നത്. 1999 ലോകകപ്പ് മുതലാണ് കളിക്കാരുടെ പേര് ജഴ്സിയിൽ എഴുതാൻ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് ടെസ്റ്റ് ജഴ്സിയിലും മാറ്റം വരുത്തുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ആണ് ജേഴ്സിയില്‍ പേരും നമ്പറും ചേര്‍ത്തുള്ള പരീക്ഷണത്തിന് ഐസിസി തയാറെടുക്കുന്നത്. കളിക്കാരെ എളുപ്പം തിരിച്ചറിയുന്നതിനും ഇത് ഉപകരിക്കുമെന്നാണ് ഐസിസിയുടെ പക്ഷം. 2001ല്‍ ഇംഗ്ലണ്ടാണ് 142 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ കളിക്കാരുടെ വസ്ത്രധാരണത്തില്‍ ആദ്യ മാറ്റം വരുത്തിയത്. കളിക്കാരുടെ ടെസ്റ്റ് ക്യാപ്പില്‍ നമ്പര്‍ രേഖപ്പെടുത്തുന്നതായിരുന്നു ഈ മാറ്റം. പിന്നീട് മറ്റ് ടീമുകളും ഈ രീതി പിന്തുടര്‍ന്നു. 2003 മുതല്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാരുടെ പേരും നമ്പറും ജേഴ്സിയില്‍ രേഖപ്പെടുത്തുന്ന പതിവുണ്ട്.

ടെസ്റ്റ് റാങ്കിംഗിലെ ആദ്യ ഒമ്പത് ടീമുകളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. പരസ്പരം കളിക്കുന്നവരില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ 2021ല്‍ ഫൈനലില്‍ ഏറ്റുമുട്ടും.