ലണ്ടന്‍: പുത്തന്‍താരം ജോഫ്രാ ആര്‍ച്ചറെ ഉള്‍പ്പെടുത്തി ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 14ന് ലോര്‍ഡ്‌സില്‍ നടക്കുന്ന ടെസ്റ്റില്‍ ആര്‍ച്ചര്‍ അരങ്ങേറും. പരിക്കേറ്റ വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ് പകരമാണ് ആര്‍ച്ചര്‍ ടീമിലെത്തിയത്. മോശം ഫോമിലുള്ള മൊയീന്‍ അലിയെ പന്ത്രണ്ടംഗ ടീമില്‍ നിന്ന് ഒഴിവാക്കി. ജാക്ക് ലീച്ച് അലിക്ക് പകരം ടീമിലെത്തി. പരിക്ക് കാരണം ഒല്ലി സ്റ്റോണിനേയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൗണ്ടി ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ആര്‍ച്ചറിന്റേത്. ആറ് വിക്കറ്റും സെഞ്ചുറിയും നേടിയാണ് ആര്‍ച്ചര്‍ കളം വിട്ടത്. ആദ്യ ടെസ്റ്റില്‍ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ലാത്തതിനാല്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ട് അലി നിരാശപ്പെടുത്തി. 42 ഓവര്‍ എറിഞ്ഞ അലിക്ക് മൂന്ന് വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. 

രണ്ടാം ടെസ്റ്റിലുള്ള ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാം കുറാന്‍, ജോ ഡെന്‍ലി, ജാക്ക് ലീച്ച്, ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്.