ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം.
റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായ രണ്ടാം ടി20യിലും നിരാശപ്പെടുത്തിയതോടെ സഞ്ജു സാംസണിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. നാഗ്പൂരില്‍ 10 റണ്‍സെടുത്ത് പുറത്തായ സഞ്ജു ഇന്ന് രണ്ടാം മത്സരത്തില്‍ ആറ് റണ്‍സിന് മടങ്ങിയിരുന്നു. നേരിട്ട രണ്ടാം പന്തില്‍ തന്നെ സഞ്ജു നല്‍കിയ അനായാസ ക്യാച്ച് ന്യൂസിലന്‍ഡ് ഫീല്‍ഡര്‍ ഡെവോണ്‍ കോണ്‍വെ വിട്ടുകളഞ്ഞിരുന്നു. അത് കോണ്‍വെയുടെ കയ്യില്‍ തട്ടി സിക്‌സാവുകയും ചെയ്തു. അതില്ലായിരുന്നെങ്കില്‍ റണ്‍സില്ലാതെ മടങ്ങേണ്ടി വന്നേനെ സഞ്ജുവിന്.
മാറ്റ് ഹെന്റിക്കെതിരെ ആദ്യ പന്ത് പ്രതിരോധിച്ച സഞ്ജു, രണ്ടാം പന്ത് ഫ്‌ളിക്ക് ചെയ്തു. എന്നാല്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ കോണ്‍വെ ക്യാച്ച് വിട്ടുകളഞ്ഞു. മൂന്നും നാലും പന്തുകളില്‍ സഞ്ജുവിന് റണ്‍സ് നേടാന്‍ സാധിച്ചില്ല. അഞ്ചാം പന്തില്‍ മിഡ് ഓണിലൂടെ കളിക്കാന്‍ ശ്രമിച്ചെങ്കിലും രചിന്‍ രവീന്ദ്രയുടെ കൈകളില്‍ ഒതുങ്ങി. ഇതോടെ സഞ്ജുവിന് ക്രീസ് വിടേണ്ടി വന്നു. വിക്കറ്റ് കീപ്പിംഗിലും സഞ്ജുവിന് മോശം ദിവസമായിരുന്നു. സഞ്ജു നിരാശപ്പെടുത്തുകയും ഇഷാന്‍ കിഷന്‍ തകര്‍ത്തടിക്കുകയും ചെയ്തതോടെ സഞ്ജുവിന്റെ സ്ഥാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ചില പോസ്റ്റുകള്‍ വായിക്കാം...
ഓപ്പണ്‍ ചെയ്യുന്ന താരം വിക്കറ്റ് കീപ്പറായിരിക്കണമെന്ന നിര്‍ബന്ധത്തോടെയാണ് സഞ്ജുവിനെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിവും ലോകകപ്പ് സ്‌ക്വാഡിലുമെടുക്കുന്നത്. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായിട്ടാണ് കിഷന്‍ വരുന്നത്. എന്നാല്‍ തിലക് വര്‍മയ്ക്ക് പരിക്കേറ്റതോടെ കിഷനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. കിഷന്‍ ഗംഭീരം പ്രകടനവും പുറത്തെടുക്കുന്നു. ഇന്ന് 32 പന്തില്‍ 76 റണ്‍സാണ് കിഷന്‍ അടിച്ചെടുത്തത്. ഇനി തിലക് തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തേണ്ടി വരും. ചുരുക്കി പറഞ്ഞാല്‍ സഞ്ജുവിന് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയേറെ.
തിലകിന് മൂന്നാം സ്ഥാനത്ത് കളിപ്പിച്ച് അഭിഷേക് - ഇഷാന്‍ സഖ്യത്തെ ഓപ്പണ്‍ ചെയ്യിപ്പിക്കാന്‍ സാധ്യതകള്‍ ടീം മാനേജ്‌മെന്റ് തേടും. അങ്ങനെ വന്നാല്‍ സഞ്ജു പുറത്തിരിക്കും. എന്തായാലും വരും മത്സരങ്ങളിലെങ്കിലും സഞ്ജുവിന് ഫോമിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകകപ്പ് കളിക്കുകയെന്ന സ്വപ്‌നവും മറക്കേണ്ടി വരും.

