മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ക്രിസ് വോക്‌സിനെ പുറത്തിരുത്തിയാണ് ഇംഗ്ലണ്ട് നാളെ ഓസീസിനെ നേരിടുക. ക്രെയ്ഗ് ഓവര്‍ടോണാണ് വോക്‌സിന് പകരം ടീമിലെത്തിയത്. എന്നാല്‍ മോശം ഫോമിലുള്ള ജേസണ്‍ റോയ്, റോറി ബേണ്‍സ് എന്നിവരെ ടീമില്‍ നിലനിര്‍ത്തി. പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ ജയം വീതം നേടിയിട്ടുണ്ട്. 

എന്നാല്‍ കഴിഞ്ഞ മൂന്ന് ടെസ്റ്റിലും ഓപ്പണറുടെ റോളിലെത്തിയിരുന്ന റോയ് നാളെ നാലാം നമ്പറിലാണ് കളിക്കുക. പകരം ജോ ഡെന്‍ലി ഓപ്പണറായി കളിക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റുകൊണ്ടും പന്തുകൊണ്ടും വോക്‌സ് പരാജയപ്പെട്ടിരുന്നു. ഇതുതന്നെയാണ് പുറത്തേക്കുള്ള വഴി തെളിയിച്ചത്. 

ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ജോ ഡെന്‍ലി, ജോ റൂട്ട് (ക്യാപ്റ്റന്‍), ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ക്രെയ്ഗ് ഓവര്‍ടോണ്‍, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്.