ലണ്ടന്‍: ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത വ‌ർഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കും. പതിനാറ് വർഷത്തിന് ശേഷം പാകിസ്ഥാൻ പര്യടനം നടത്താനും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു.

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കായാണ് വിരാട് കോലിയും സംഘവും ഇംഗ്ലണ്ട് പര്യടനം നടത്തുക. കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ കഴിയുമെന്ന പ്രത്യാശയോടെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അടുത്ത വ‍ർഷത്തെ മത്സരക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി നടക്കും. ഈ വർഷം പാകിസ്ഥാനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ടെസ്റ്റ് പരമ്പര കളിച്ച ഇംഗ്ലണ്ട് ഓസ്‌ട്രേലിയക്കെതിരെ ഏകദിനവും ട്വന്റി 20 പരമ്പരയും കളിച്ചിരുന്നു. 

അടുത്തവർഷം ഇന്ത്യയെ നേരിടും മുൻപ് ഇംഗ്ലണ്ട് ശ്രീലങ്കയുമായും പാകിസ്ഥാനുമായി ഏകദിന, ട്വന്റി 20 പരമ്പരയിൽ ഏറ്റുമുട്ടും. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റ് ഓഗസ്റ്റ് നാലിന് ട്രെന്റ് ബ്രിഡ്ജിലാണ് തുടങ്ങുക. ഓഗസ്റ്റ് 12 മുതൽ രണ്ടാം ടെസ്റ്റ് ലോർഡ്സിലും മൂന്നാം ടെസ്റ്റ് ഓഗസ്റ്റ് 25 മുതൽ ഹെഡിംഗ്‍ലിയിലും നാലാം ടെസ്റ്റ് സെപ്റ്റംബർ രണ്ട് മുതൽ ഓവലിലും അഞ്ചാം ടെസ്റ്റ് സെപ്റ്റംബർ പത്ത് മുതൽ ഓൾഡ് ട്രാഫോർഡിലും  നടക്കും. 

2018ൽ ഇംഗ്ലണ്ട് ഒന്നിനെതിരെ നാല് മത്സങ്ങൾ ജയിച്ച് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം ഇംഗ്ലണ്ട് രണ്ട് ട്വന്റി മത്സരങ്ങൾക്കായി പാകിസ്ഥാനിലേക്ക് പോകും. പതിനാറ് വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്ഥാനിൽ കളിക്കാൻ ഒരുങ്ങുന്നത്. 2005ലാണ് ഇംഗ്ലണ്ട്  അവസാനമായി പാകിസ്ഥാൻ പര്യടനം നടത്തിയത്. സുരക്ഷാ കാരണങ്ങളാലാണ് പാകിസ്ഥാനിൽ ഇംഗ്ലണ്ട് ഉൾപ്പടെയുള്ള ടീമുകൾ കളിക്കാതിരുന്നത്.

ചരിത്ര തീരുമാനവുമായി ഐസിസി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇനി വനിതാ ക്രിക്കറ്റും