പാക് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ഇംഗ്ലണ്ടിന് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. 3.5 ഓവറില്‍ ഓപ്പണര്‍മാരായ ഹെയില്‍സും സാള്‍ട്ടും ചേര്‍ന്ന് 55 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്.

ലാഹോര്‍: പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആറാം മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട് ഏഴ് മത്സര പരമ്പരയില്‍ ഒപ്പമെത്തി(3-3). ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ അപരാജിയ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടിന്‍റെ(41 പന്തില്‍ 87*) വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഇംഗ്ലണ്ട് 14.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. സാള്‍ട്ടിന് പുറമെ അലക്സ് ഹെയില്‍സ്(27), ഡേവിഡ് മലന്‍(26) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി.പരമ്പരയിലെ ഏഴാമത്തെയും അവസാനത്തെയും മത്സരം ഒക്ടോബര്‍ രണ്ടിന് നടക്കും.

പാക് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ഇംഗ്ലണ്ടിന് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. 3.5 ഓവറില്‍ ഓപ്പണര്‍മാരായ ഹെയില്‍സും സാള്‍ട്ടും ചേര്‍ന്ന് 55 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. 12 പന്തില്‍ 27 റണ്‍സെടുത്ത ഹെയില്‍സിനെ ഷദാബ് ഖാന്‍ മടക്കിയെങ്കിലും അടി തുടര്‍ന്ന സാള്‍ട്ട് 19 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. പിന്നാലെ വന്ന മലനും മോശമാക്കിയില്ല. 18 പന്തില്‍ 26 റണ്‍സെടുത്ത മലനെയും ഷദാബ് വീഴ്ത്തിയെങ്കിലും ഇംഗ്ലണ്ട് അപ്പോഴേക്കും പത്താം ഓവറില്‍ 128 റണ്‍സിലെത്തിയിരുന്നു.

വിരാട് കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി അടിച്ചെടുത്ത് ബാബര്‍ അസം

ഫിലിപ്പ് സാള്‍ട്ടിന് പിന്തുണയുമായി ബെന്‍ ഡക്കറ്റും(16 പന്തില്‍ 26*) തകര്‍ത്തടിച്ചതോടെ 33 പന്തുകളും എട്ട് വിക്കറ്റും ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.13 ഫോറും മൂന്ന് സിക്സും പറത്തിയാണ് സാള്‍ട്ട് 41 പന്തില്‍ 87 റണ്‍സെടുത്തത്. പാക്കിസ്ഥാനുവേണ്ടി ഷദാപ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. 59 പന്തില്‍ 87 റണ്‍സുമായി ബാബര്‍ പുറത്താകാതെ നിന്നപ്പോള്‍ 31 റണ്‍സെടുത്ത ഇഫ്തീഖര്‍ അഹമ്മദ് മാത്രമാണ് ബാബറിന് പിന്തുണ നല്‍കിയത്. ഇംഗ്ലണ്ടിനായി സാം കറനും ഡേവിഡ് വില്ലിയും രണ്ട് വിക്കറ്റ് വീതമെടുത്തു.

ഒറ്റക്ക് പൊരുതി ബാബര്‍; ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോര്‍