ചെസ്റ്റര്‍ ലേ സ്ട്രീറ്റില്‍ നടന്ന ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെ 21 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട്. 96 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി.
ചെസ്റ്റര്‍ ലേ സ്ട്രീറ്റ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് 21 റണ്‍സ് ജയം. ചെസ്റ്റര്‍ ലേ സ്ട്രീറ്റ്, റിവര്‍സൈഡ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആറ് ഓവറില്‍ 188 റണ്‍സാണ് നേടിയത്. 96 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ആതിഥേയരെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനാണ് സാധിച്ചത്. 39 റണ്‍സെടുത്ത എവിന്‍ ലൂയിസാണ് ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിന് വേണ്ടി ലിയാം ഡോസണ്‍ നാല് വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന്റെ തുടക്കം മോശമായിരുന്നു. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ജോണ്‍സണ്‍ ചാര്‍ലെസ് (18), ഷായ് ഹോപ്പ് (3) എന്നിവരാണ് മടങ്ങിയത്. തുടര്‍ന്നെത്തിയ ലൂയിസ് - റോസ്റ്റണ്‍ ചേസ് (24) സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് സന്ദര്‍ശകര്‍ക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കി. ഒരുഘട്ടത്തില്‍ രണ്ടിന് 91 എന്ന ശക്തമായ നിലയില്‍ എത്താനും വിന്‍ഡീസിന് സാധിച്ചു. പൊടുന്നനെ വിന്‍ഡീസിന് വിക്കറ്റുകള്‍ നഷ്ടമായി.
39 റണ്‍സിനിടെ ആറ് വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ലൂയിസ്, ചേസ് എന്നിവര്‍ക്ക് പിന്നാലെ ഷെഫാനെ റുതര്‍ഫോര്‍ഡ് (2), റോവ്മാന്‍ പവല്‍ (13), ഗുഡകേഷ് മോട്ടി (3), ആന്ദ്രേ റസ്സല്‍ (15) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. റോമാരിയോ ഷെപ്പേര്‍ഡിന്റെ (16) ഇന്നിംഗ്‌സ് തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമാമ് സാധിച്ചത്. ജേസണ്‍ ഹോള്‍ഡര്‍ (16) പുറത്താവാതെ നിന്നു.
നേരത്തെ 59 പന്തില്‍ 96 റണ്‍സെടുത്ത ബട്‌ലറാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതാണ് ബട്‌ലറുടെ ഇന്നിംഗ്‌സ്. ജാമി സ്മിത്ത് (38), ജേക്കബ് ബേതല്‍ (23) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ബെന്‍ ഡക്കറ്റ് (1), ഹാരി ബ്രൂക്ക് (6), ടോം ബാന്റണ്‍ (3), വില്‍ ജാക്ക്‌സ് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.



