പരിക്കിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയ ആര്‍ച്ചര്‍ ജൂലൈ രണ്ടിന് എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നാണ് സൂചന.

ലണ്ടന്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലേക്കുള്ള ടീമില്‍ ജോഫ്ര ആര്‍ച്ചര്‍ തിരിച്ചെത്തുമെന്ന് മുഖ്യ സെലക്റ്റര്‍ ലൂക്ക് റൈറ്റ്. ഇന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആര്‍ച്ചറുടെ പേര് ഉണ്ടായിരുന്നില്ല. പരിക്കിനെ തുടര്‍ന്നാണ് ആര്‍ച്ചറെ മാറ്റിനിര്‍ത്തിയത്. ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ടീമില്‍ ആര്‍ച്ചര്‍ക്ക് പുറമെ മറ്റു പേസര്‍മാരായ മാര്‍ക്ക് വുഡ്, ഗുസ് അറ്റ്കിന്‍സണ്‍, ഒല്ലി സ്റ്റോണ്‍ എന്നിവര്‍ക്കും ഇടം നേടാന്‍ സാധിച്ചില്ല. ഇവര്‍ക്കും തിരിച്ചടിയായത് പരിക്ക് തന്നെ.

മാര്‍ക്ക് വുഡും ഒല്ലി സ്റ്റോണും പരമ്പരയില്‍ തന്നെ കളിക്കുന്ന കാര്യം സംശയത്തിലാണ്. ഇതിനിടെയാണ് ആര്‍ച്ചറുടെ കാര്യത്തില്‍ റൈറ്റ് നിലപാട് വ്യക്തമാക്കിയത്. ജൂലൈ രണ്ടിന് എഡ്ജ്ബാസ്റ്റണിലാണ് രണ്ടാം ടെസ്റ്റ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കയ്യിലെ പെരുവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. സിംബാബ്‌വെക്കെതിരായ ഏക ടെസ്റ്റിലും ആര്‍ച്ചര്‍ കളിച്ചിരുന്നില്ല. താരം സുഖം പ്രാപിച്ച് വരികയാണെന്നും രണ്ടാം ടെസ്റ്റിനായി തിരിച്ചെത്തുമെന്നും റൈറ്റ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ മാസം സിംബാബ്വെക്കെതിരായ ടെസ്റ്റിനിടെ തുടയിലേറ്റ പരിക്കാണ് അറ്റ്കിന്‍സണ് തിരിച്ചടിയായത്. അതേസമയം, ഓള്‍ റൗണ്ടര്‍ ജാമി ഓവര്‍ടണ്‍ മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. 2022ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഓവര്‍ടണ്‍ കരിയറിലെ ഏക ടെസ്റ്റ് കളിച്ചത്. പേസര്‍മാരായ ബ്രൈഡണ്‍ കാര്‍സെ, ക്രിസ് വോക്‌സ് എന്നിവര്‍ ആദ്യ ടെസ്റ്റിനുള്ള ടീമിലെത്തിയപ്പോള്‍ ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങിയ ജേക്കബ് ബേഥേലും ടീമിലുണ്ട്.

അടുത്ത ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ പരമ്പരയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്ന് വിരമിച്ചശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരക്കാണ് ഇന്ത്യ ഇറങ്ങുന്നത്. ഈ മാസം 20ന് ഹെഡിങ്ലിയിലാണ് ആദ്യ ടെസ്റ്റ്. എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റും ലോര്‍ഡ്‌സില്‍ മൂന്നാം ടെസ്റ്റും ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാലാം ടെസ്റ്റും ഓവലില്‍ അഞ്ചാം ടെസ്റ്റും നടക്കും.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഷോയ്ബ് ബഷീര്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാര്‍സെ, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്.

YouTube video player