Asianet News MalayalamAsianet News Malayalam

ക്യാപ്റ്റൻ ടോം മൂറിന് ആദരമര്‍പ്പിച്ച് ഇംഗ്ലണ്ട് താരങ്ങള്‍

രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്‍റെ ഭാഗമായി ഇന്ത്യയിലും മ്യാൻമറിലും സേവനം അനുഷ്ഠിച്ച ടോം മൂര്‍ അതിനുമപ്പുറം വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ്.

England Cricket team sport black armbands to pay tribute to late Captain Tom Moore
Author
Chennai, First Published Feb 5, 2021, 6:14 PM IST

ചെന്നൈ: ഇന്ന് ദേശീയ ഗാനത്തിനായി ഇംഗ്ലണ്ട് താരങ്ങള്‍ എത്തിയത് കറുത്ത ആംബാൻഡ് ധരിച്ചായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച അന്തരിച്ച ബ്രിട്ടീഷ് സൈനികനായിരുന്ന ക്യാപ്റ്റൻ ടോം മൂറിന് ആദരമേകുകയായിരുന്നു ലക്ഷ്യം.ബാറ്റിംഗിനിറങ്ങിയപ്പോഴും ഇംഗ്ലണ്ട് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചിരുന്നു. ഇംഗ്ലണ്ടിന്‍റെ കൊവിഡ് പോരാട്ടങ്ങളില്‍ ഒരിക്കലും മറക്കാനാവാത്ത പേരാണ് ക്യാപ്റ്റൻ മൂറിന്‍റേത്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്‍റെ ഭാഗമായി ഇന്ത്യയിലും മ്യാൻമറിലും സേവനം അനുഷ്ഠിച്ച ടോം മൂര്‍ അതിനുമപ്പുറം വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ബ്രിട്ടൻ ആശങ്കയോടെ നിന്ന നിമിഷം. കൊവിഡ് പോരാട്ടങ്ങള്‍ക്ക് പണം വേണം. 99കാരനായ ക്യാപ്റ്റൻ മൂര്‍ ശാരീരിക അവശതകളെ മറികടന്ന് അതിനായി ഇറങ്ങി.

വീടിന് മുന്നിലെ ഉദ്യാനത്തിന് ചുറ്റും സ്റ്റീൽ ഫ്രയിമിലൂന്നി നൂറു റൗണ്ട് നടക്കാനായിരുന്നു തീരുമാനം. 1000 പൗണ്ട് സമ്പാദിച്ച് കൊവിഡ് പോരാട്ടത്തിന് സംഭാവന നല്‍കുകയെന്ന ലക്ഷ്യത്തോടെ. ക്യാപ്റ്റൻ മൂറിന്‍റെ നടപ്പ് ലോകമെങ്ങും ശ്രദ്ധിച്ചു. ഒടുവില്‍ പിരിഞ്ഞുകിട്ടിയതാകട്ടെ അദ്ദേഹം പോലും പ്രതീക്ഷിക്കാത്ത 38 മില്യൻ പൗണ്ട്.

ലോകമെങ്ങും കൊവിഡിനെതിരായ പോരാട്ടത്തിന്‍റെ മുഖമായി ടോം മൂർ, ആരോഗ്യപ്രവർത്തകരുടെ ആവേശമായി. നൂറാം പിറന്നാൾ രാജ്യമെങ്ങും ഒന്നുചേര്‍ന്ന് ആഘോഷിച്ചു. ക്യാപ്റ്റൻ മൂറിന് സര്‍ പദവി നല്‍കി രാജ്യത്തിന്‍റെ ആദരവും.

ഒടുവിൽ ആ പോരാളിയേയും കൊവിഡ് പിടികൂടി. കഴി‌ഞ്ഞ ഏതാനം ദിവസങ്ങളായി ന്യുമോണിയ മൂർച്ഛിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയായിരുന്നു ക്യാപ്റ്റന്‍ മൂറിന്‍റെ മരണം. ക്യാപ്റ്റൻ മൂറിന്‍റെ നല്ല മനസിന് ആദരമേകി ഇന്ന് ഇംഗ്ലണ്ട് ടീമും.

Follow Us:
Download App:
  • android
  • ios