കഴിഞ്ഞ കുറച്ച് മത്സരങ്ങള്‍ ഇംഗ്ലണ്ട് കളിച്ചതുവച്ച് നോക്കിയാല്‍ ഇംഗ്ലീഷ് ടീമാണ് ഫേവറൈറ്റുകള്‍ എന്നും മൊയീന്‍ അലി

എഡ്‍ജ്ബാസ്റ്റണ്‍: എഡ്‍ജ്ബാസ്റ്റണില്‍(Edgbaston Test) ആരംഭിക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റില്‍(ENG vs IND 5th Test) ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഫേവറേറ്റുകളെന്ന് ഇംഗ്ലീഷ് ഓള്‍ഓൾറൗണ്ടർ മൊയീന്‍ അലി(Moeen Ali). ഈ പരമ്പര കഴിഞ്ഞ വർഷം പൂർത്തിയാവുമായിരുന്നെങ്കില്‍ ഇന്ത്യ 3-1ന് വിജയിച്ചേനേ. എന്നാലിപ്പോള്‍ കളിക്കുന്ന രീതിവച്ച് ഇംഗ്ലണ്ടാണ് കരുത്തർ. ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ പരിശീലനത്തിന്‍റെ കുറവുണ്ട്. കഴിഞ്ഞ കുറച്ച് മത്സരങ്ങള്‍ ഇംഗ്ലണ്ട് കളിച്ചതുവച്ച് നോക്കിയാല്‍ ഇംഗ്ലീഷ് ടീമാണ് ഫേവറൈറ്റുകള്‍ എന്നും മൊയീന്‍ അലി കൂട്ടിച്ചേർത്തു. 

കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ജൂലൈ 1 മുതല്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യക്ക് ആശങ്കയാണ് നായകന്‍ രോഹിത് ശർമ്മയുടെ കൊവിഡ്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്താണ് ബെന്‍ സ്റ്റോക്സും സംഘവും ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.

തിരിച്ചുവരവിന് മൊയീന്‍ അലി

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മൊയീന്‍ അലി. വരാനിരിക്കുന്ന പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് തന്നെ പരിഗണിക്കാമെന്നും ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ ഔദ്യോഗികമായി പിന്‍വലിക്കുകയാണെന്നും 34കാരനായ മൊയീന്‍ അലി പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തെ അടുത്തിടെ അറിയിച്ചിരുന്നു. ജോ റൂട്ട് ക്യാപ്റ്റനായിരുന്ന കാലത്ത് ടീമില്‍ നിന്ന് പുറത്തായ ജയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും ബെന്‍ സ്റ്റോക്സ് ക്യാപ്റ്റനായതോടെ ടീമില്‍ തിരിച്ചെത്തിയിരുന്നു. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മൊയീന്‍ അലി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകളില്‍ കളിച്ച അലി 194 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പെടെ 2916 റണ്‍സും സ്വന്തമാക്കി. 155 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 53 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 2014ല്‍ ശ്രീലങ്കക്കെതിരെ ലോര്‍ഡ്സിലായിരുന്നു പാക് വംശജനായ മൊയീന്‍ അലിയുടെ ടെസ്റ്റ് അരങ്ങേറ്റം. 

IRE vs IND : അജയ് ഭായ് സുഖമാണോ? അജയ് ജഡേജയോട് മലയാളത്തില്‍ സംസാരിച്ച് സഞ്ജു- വൈറല്‍ വീഡിയോ കാണാം