ബെര്‍മിങ്ഹാം: ആഷസ് പരപമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 90 റണ്‍സ് ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 284നെതിരെ ഇംഗ്ലണ്ട് 374 റണ്‍സിന് പുറത്താവുകയായിരുന്നു. പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ വലിയ ലീഡ് നേടുന്നതില്‍ നിന്ന് തടഞ്ഞത്. സെഞ്ചുറി നേടിയ റോറി ബേണ്‍സാ (133)ണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 

നാലിന് 267 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ആരംഭിച്ചത്. ഇന്ന് 107 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇംഗ്ലീഷ് നിര പവലിയനില്‍ തിരിച്ചെത്തി. ബെന്‍ സ്റ്റോക്‌സിന്റെ (50) വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. പിന്നാലെ സെഞ്ചുറിക്കാരന്‍ ബേണ്‍സും മടങ്ങി. പിന്നീടെത്തിയവരില്‍ ക്രിസ് വോക്‌സ് (പുറത്താവാതെ 37) ഒഴികെ ആര്‍ക്കും പിടിച്ചുനില്‍ക്കാനിയില്ല. ജോണി ബെയര്‍സ്‌റ്റോ (8), മൊയീന്‍ അലി (0) എന്നിവര്‍ നിലയുറപ്പിക്കും മുമ്പ് മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡ് (29), ജയിംസ് ആന്‍ഡേഴ്‌സണ്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

ജയിംസ് പാറ്റിന്‍സണ്‍, പീറ്റര്‍ സിഡില്‍ എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുണ്ട്. നേരത്തെ, ഓസീസ് 284ന് എല്ലാവരും പുറത്തായിരുന്നു. 144 റണ്‍സ് നേടിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.