Asianet News MalayalamAsianet News Malayalam

പാകിസ്ഥാനെതിരെ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയലക്ഷ്യം

മുഹമ്മദ് ഹഫീസ് (36 പന്തില്‍ 69) ബാബര്‍ അസം (44 പന്തില്‍ 56) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

England need 196 runs to win against Pakistan in second t20
Author
Manchester, First Published Aug 30, 2020, 8:46 PM IST

മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മുഹമ്മദ് ഹഫീസ് (36 പന്തില്‍ 69) ബാബര്‍ അസം (44 പന്തില്‍ 56) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ അസം- ഫഖര്‍ സമാന്‍ സഖ്യം പാകിസ്ഥാന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒമ്പതാം ഓവറിലാണ് പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്. സമാനെ ആദില്‍ റഷീദ് പുറത്താക്കി. പിന്നാലെ ഹഫീസുമൊത്ത് അസം 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അസമിനെ പുറത്താക്കി റഷീദ് വീണ്ടും ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നല്‍കി. 44 പന്തില്‍ ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു അസമിന്റെ ഇന്നിങ്‌സ്. ഹഫീസ് അഞ്ച് ഫോറും നാല് സിക്‌സും കണ്ടെത്തി. 

വെറ്ററന്‍ താരം ഷൊയ്ബ് മാലിക്ക് (14) നേരത്തെ പുറത്തായെങ്കിലും ഇഫ്തിഖര്‍ അഹമ്മദു (പുറത്താവാതെ 8 )മൊത്ത് ഹഫീസ് പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറിലാണ് ഹഫീസ് പുറത്തായത്. ഇഫ്തിഖറിനൊപ്പം ഷദാബ് ഖാന്‍ (0) പുറത്താവാതെ നിന്നു. ക്രിസ് ജോര്‍ദാന്‍, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ആദ്യ മത്സരം മഴ മുടക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios