അഹമ്മദാബാദ്: ഇന്ത്യക്കെതിരെ നാലാം ടെസ്റ്റിന്റെ രണ്ടാം  ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ കൂടെ നഷ്ടം. മൊട്ടേറ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ചായയ്ക്ക് ശേഷം ബാറ്റിങ് ആരംഭിക്കുമ്പോള്‍ അഞ്ചിന് 154 എന്ന നിലയിലാണ്. ഒല്ലി പോപ്പ് (23), ഡാനിയേല്‍ ലോറന്‍സ് (23) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് വീതം നേടിയ അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 55 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

സ്റ്റോക്‌സിന്റെ കരുതല്‍, സിറാജിന്റെ ഇരട്ട പ്രഹരം

സ്‌റ്റോക്‌സ് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കരുതലോടെയാണ് താരം കളിച്ചത്. 121 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടി. എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ജോണി ബെയര്‍സ്‌റ്റോയാണ് (28) സ്‌റ്റോക്‌സിനൊപ്പം ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ ബെയര്‍‌സ്റ്റോയെ സിറാജ് വിക്കറ്റിന് മുന്നില്‍. അതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിനേയും സിറാജ് മടക്കിയിരുന്നു.

വീണ്ടും ലോക്കല്‍ ബോയ്

മൂന്നാം ടെസ്റ്റില്‍ നിര്‍ത്തിയിടത്ത് നിന്നാണ് അക്‌സര്‍ പട്ടേല്‍ തുടങ്ങിയത്. മൂന്നാം ടെസ്റ്റില്‍ 11 വിക്കറ്റുകള്‍ നേടിയ അക്‌സര്‍ പട്ടേല്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ പറഞ്ഞയച്ചു. ആറാം ഓവരില്‍ പന്തെറിയാനെത്തിയ അക്‌സര്‍ സിബ്ലിയെ ബൗള്‍ഡാക്കി. അടുത്ത ഓവറിന്റെ അവസാന പന്തിലും അക്‌സര്‍ വിക്കറ്റ് നേടി. അക്‌സറിനെ ക്രീസ് വിട്ട് കളിക്കാനിറങ്ങിയ ക്രൗളിക്ക് പിഴച്ചു. മിഡ് ഓഫില്‍ മുഹമ്മദ് സിറാജിന് അനായസ ക്യാച്ച്.

പോപ്പ്- ലോറന്‍സ് സഖ്യം

സ്‌റ്റോക്‌സ് പുറത്തായ ശേഷം ക്രീസില്‍ ഒത്തുച്ചേര്‍ന്ന പോപ്- ലോറന്‍സ് സഖ്യം ഇതുവരെ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 29 പന്തുകള്‍ മാത്രം നേരിട്ട ലോറന്‍സ് 15 റണ്‍സ് നേടിയിട്ടുണ്ട്. ശ്രദ്ധയോടെ ബാറ്റ് വീശുന്ന പോപ്പ് 73 പന്തുകള്‍ നേരിട്ടു. 21 റണ്‍സാണ് നേടിയത്.

ഇരു ടീമിലും മാറ്റങ്ങള്‍

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ടീമില്‍ നിന്ന് അവധിയെടുത്ത ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തി. ജോഫ്ര ആര്‍ച്ചറും ക്രിസ് ബ്രോഡും പുറത്തുപോയി. ഡൊമിനിക് ബെസ്സും ഡാനിയേല്‍ ലോറന്‍സും ടീമിലെത്തി. മൂന്ന് സ്പിന്നര്‍മാരാണ് ഇംഗ്ലീഷ് ടീമില്‍. ബെസ്സ്, ലോറന്‍സ് എന്നിവര്‍ക്ക് പുറമെ ജാക്ക് ലീച്ചും ടീമിലുണ്ട്. ജയിംസ് ആന്‍ഡേഴ്‌സണാണ് ടീമിനലെ ഏക പേസര്‍. 

ടീമുകള്‍

ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: ഡൊമിനിക് സിബ്ലി, സാക് ക്രൗളി, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഒല്ലി പോപ്, ബെന്‍ ഫോക്‌സ്, ഡാനിയേല്‍ ലോറന്‍സ്, ഡൊമിനിക് ബെസ്സ്, ജാക്ക് ലീച്ച്, ജയിംസ് ആന്‍ഡേഴ്‌സണ്‍.