ജോണി ബെയര്‍സ്റ്റോയും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 72 റണ്‍സിലെത്തിച്ചു. ടെസ്റ്റ് പരമ്പരയിലെന്നപോലെ ഇന്ത്യക്ക് അപകടകരമായ രീതിയില്‍ കൂട്ടുകെട്ട് പുരോഗമിക്കുന്നതിനിടെ ജോണി ബെയര്‍സ്റ്റോയെ(38) ക്ലീന്‍ ബൗള്‍ഡാക്കി ചാഹല്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. പിന്നാലെ റൂട്ടിനെ(11) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ചാഹല്‍ ഏല്‍പ്പിച്ച ഇരട്ടപ്രഹത്തില്‍ നിന്ന് കരകയറും മുമ്പ് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ(4) ക്ലീന്‍ ബൗള്‍ഡാക്കി മുഹമ്മദ് ഷമി ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 247 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49 ഓവറില്‍ വിക്കറ്റ് 246 റണ്‍സിന് ഓള്‍ ഔട്ടായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ 47 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ജോണി ബെയര്‍സ്റ്റോ(38) ലിയാം ലിവിംഗ്സ്റ്റണ്‍(33), ഡേവിഡ് വില്ലി(41) എ ന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചാഹല്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും രണ്ടു വിക്കറ്റ് വീതമെടുത്തു.

തകര്‍പ്പന്‍ തുടക്കം പിന്നെ തകര്‍ച്ച

ടോസിലെ നിര്‍ഭാഗ്യം ഇംഗ്ലണ്ടിന് ബാറ്റിംഗില്‍ തുടക്കത്തിലുണ്ടായില്ല. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ജേസണ്‍ റോയിയും ചേര്‍ന്ന് ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയും ഫലപ്രദമായി നേരിട്ടപ്പോള്‍ ഇംഗ്ലണ്ട് ഒമ്പതാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 41 റണ്‍സിലെത്തി. എന്നാല്‍ ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ ജേസണ്‍ റോയിയെ(23) വീഴ്ത്തി ഇംഗ്ലണ്ടിന് ആദ്യപ്രഹരമേല്‍പ്പിച്ചു. പിന്നാല ഹാര്‍ദ്ദിക്കിന്‍റെ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ട് ബെയര്‍സ്റ്റോ പതറി.

വട്ടം കറക്കി ചാഹല്‍

ജോണി ബെയര്‍സ്റ്റോയും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 72 റണ്‍സിലെത്തിച്ചു. ടെസ്റ്റ് പരമ്പരയിലെന്നപോലെ ഇന്ത്യക്ക് അപകടകരമായ രീതിയില്‍ കൂട്ടുകെട്ട് പുരോഗമിക്കുന്നതിനിടെ ജോണി ബെയര്‍സ്റ്റോയെ(38) ക്ലീന്‍ ബൗള്‍ഡാക്കി ചാഹല്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. പിന്നാലെ റൂട്ടിനെ(11) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ചാഹല്‍ ഏല്‍പ്പിച്ച ഇരട്ടപ്രഹത്തില്‍ നിന്ന് കരകയറും മുമ്പ് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ(4) ക്ലീന്‍ ബൗള്‍ഡാക്കി മുഹമ്മദ് ഷമി ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ആക്രമിച്ചു കളിച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച സ്റ്റോക്സ് ചാഹലിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 21 റണ്‍സായിരുന്നു സ്റ്റോക്സിന്‍റെ നേട്ടം. ഇതോടെ 72-1ല്‍ നിന്ന് 102-5ലേക്ക് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു.

പിടിച്ചു നിന്ന് ലിവിംഗ്സ്റ്റണും അലിയും

ആറാം വിക്കറ്റില്‍ ലിയാം ലിവിംഗ്സ്റ്റണും മൊയീന്‍ അലിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയെങ്കിലും 150 കടക്കും മുമ്പ് ലിംവിഗ്സ്റ്റണെ(33) ഹാര്‍ദ്ദിക് മടക്കി. മൊയീന്‍ അലിയും ഡേവിഡ് വില്ലിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 200 കടത്തിയെങ്കിലും അലിയെ(47) ചാഹലും വില്ലിയെ(41) ബുമ്രയും മടക്കിയതോടെ ഇംഗ്ലണ്ട് റണ്‍സിലൊതുങ്ങി.

ഇന്ത്യക്കായി ചാഹല്‍ 10 ഓവറില്‍ 47 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക് ആറോവറില്‍ 28 റണ്‍സിനും ബുമ്ര 10 ഓവറില്‍ 49 റണ്‍സിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി 10 ഓവറില്‍ 48 റണ്‍സിന് ഒരു വിക്കറ്റെടുത്തു.