മെയ് അവസാനം വരെ ഐപിഎൽ നീണ്ടേക്കും എന്നാണ് നേരത്തെ പുറത്തുവന്ന വിവരം

മുംബൈ: ഐപിഎല്‍ 2022 (IPL 2022) സീസണിന്‍റെ അവസാനഘട്ടം പ്രമുഖ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്ക് (England Cricket Players) നഷ്ടമാകുമെന്ന് സൂചന. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയുടെ (New Zealand Tour of England 2022) തയ്യാറെടുപ്പിനായി ഇംഗ്ലണ്ട് താരങ്ങളെ തിരിച്ചുവിളിച്ചേക്കും. ജൂൺ രണ്ടിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. മെയ് 19ന് മുന്‍പായി ടെസ്റ്റ് ടീമംഗങ്ങള്‍ ഇംഗ്ലണ്ടിൽ എത്താന്‍ ഇസിബി (ECB) നിര്‍ദ്ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

മെയ് അവസാനം വരെ ഐപിഎൽ നീണ്ടേക്കും എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. 22 ഇംഗ്ലീഷ് താരങ്ങള്‍ ഐപിഎൽ താരലേലത്തിന് പേര് നൽകിയിട്ടുണ്ട്. ആഷസില്‍ കളിച്ച ജോസ് ബട്‍‍ലര്‍, ജോണി ബെയര്‍സ്റ്റോ, മാര്‍ക്ക് വുഡ്, ഡേവിഡ് മലാന്‍, സാം ബില്ലിംഗ്സ് എന്നിവര്‍ ഐപിഎൽ ലേലപ്പട്ടികയിലുണ്ട്. ജോസ് ബട്‍‍ലറെ രാജസ്ഥാന്‍ റോയല്‍സും മോയിന്‍ അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും നിലനിര്‍ത്തിയിരുന്നു.

ഐപിഎല്‍ 2022 സീസണ്‍ ഇന്ത്യയില്‍ വച്ചുതന്നെ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. മുംബൈയെയാണ് പ്രധാന വേദിയായി പരിഗണിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റ് വേദികളും പരിഗണിക്കുന്നുണ്ട്. ഫെബ്രുവരി 20ന് മുന്‍പ് വേദികളിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 13, 14 തീയതികളില്‍ മെഗാ താരലേലം നടക്കും. 

മെഗാ ലേലത്തില്‍ ആകെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1214 കളിക്കാരാണെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളും 318 പേര്‍ വിദേശ കളിക്കാരുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിലെ 41 താരങ്ങളും ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

India Maharajas : ബ്രെറ്റ് ലീയുടെ തീ ഓവര്‍! ഓജ, പത്താന്‍ സഹോദരങ്ങളുടെ വെടിക്കെട്ട് പാഴായി; മഹാരാജാസ് പുറത്ത്