മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് 303 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. സ്കോര്‍ ബോര്‍ഡില്‍ റണ്‍സെത്തുമും മുമ്പെ ആദ്യ രണ്ട് പന്തില്‍ ജേസണ്‍ റോയിയെയും ജോ റൂട്ടിനെയും നഷ്ടമായശേഷമാണ് ഇംഗ്ലണ്ട് ഗംഭീര തിരിച്ചുവരവ് നടത്തിയത്. ജോണി ബെയര്‍സ്റ്റോയുടെ സെഞ്ചുറിയും സാം ബില്ലിംഗ്സ്, ക്രിസ് വോക്സ് എന്നിവരുടെ അര്‍ധസെഞ്ചുറികളുമാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയത്. ആദ്യ പന്തില്‍ ജേസണ്‍ റോയിയെ മാക്സ്‌വെല്‍ പിടികൂടി. രണ്ടാം പന്തില്‍ ജോ റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി സ്റ്റാര്‍ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ബെയര്‍സ്റ്റോയും മോര്‍ഗനും ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് കരുതിയിരിക്കെ ആദം സാംപ മോര്‍ഗനെയും(23) ബട്‌ലറെയും(8) മടക്കി ഇംഗ്ലണ്ടിനെ വീണ്ടും തകര്‍ച്ചയിലാക്കി.

എന്നാല്‍ സാം ബില്ലിംഗ്സ് ക്രീസിലെത്തിയതോടെ മികച്ച പങ്കാളിയെ കിട്ടിയ ബെയര്‍സ്റ്റോ പ്രത്യാക്രമണത്തിലൂടെ സ്കോര്‍ ഉയര്‍ത്തി. 96/4 എന്ന സ്കോറില്‍ ഒത്തുചേര്‍ന്ന ഇരുവരും സ്കോര്‍ 210ല്‍ എത്തിച്ചാണ് വഴിപിരിഞ്ഞത്. 112 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ കമിന്‍സാണ് വീഴ്ത്തിയത്. പിന്നാലെ ബില്ലിംഗ്സും(57) വീണെങ്കിലും വാലറ്റക്കാരെ കൂട്ടുപിടിച്ച് ക്രിസ് വോക്സ് ആക്രമണം തുടര്‍ന്നു.

 39 പന്തില്‍ 53 റണ്‍സെടുത്ത വോക്സും 19 റണ്‍സെടുത്ത ടോം കറനും 11 റണ്‍സെടുത്ത ആദില്‍ റഷീദും ചേര്‍ന്ന് ഇംഗ്ലണ്ട് സ്കോര്‍ 300 കടത്തി. ഓസീസിനായി സ്റ്റാര്‍ക്കും സാംപയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് തുല്യത പാലിക്കുകയാണ്.