ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മികച്ച പേസും സ്വിംഗും ലഭിച്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യൻ പേസര്‍മാര്‍ക്ക് ഇംഗ്ലണ്ട് ഓപ്പണര്‍മാരെ പ്രതിരോധത്തിലാക്കാനായില്ല.

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നല്ല തുടക്കം. രണ്ടാം ദിനം രണ്ടാം സെഷനില്‍ ഇന്ത്യയെ 358 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിംഗില്‍ ചായക്ക് പിരിയുമ്പോള്‍ 14 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയിലാണ്. 41 പന്തില്‍ 43 റണ്‍സുമായി ബെന്‍ ഡക്കറ്റും 44 പന്തില്‍ 33 റണ്‍സുമായി സാക്ക് ക്രോളിയും ക്രീസില്‍.

ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മികച്ച പേസും സ്വിംഗും ലഭിച്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യൻ പേസര്‍മാര്‍ക്ക് ഇംഗ്ലണ്ട് ഓപ്പണര്‍മാരെ പ്രതിരോധത്തിലാക്കാനായില്ല. ജസ്പ്രീത് ബുമ്രക്കും ന്യൂബോള്‍ പങ്കിട്ട അരങ്ങേറ്റക്കാരൻ അന്‍ഷുല്‍ കാംബോജിനും ഇംഗ്ലണ്ട് ഓപ്പണര്‍മാരെ വിറപ്പിക്കാനാവാഞ്ഞതോടെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ മുഹമ്മദ് സിറാജിനെ പന്തേല്‍പ്പിച്ചെങ്കിലും ബാസ് ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ട് തകര്‍ത്തടിച്ചു. തന്‍റെ ആദ്യ നാലോവറില്‍ സിറാജ് 26 റണ്‍സ് വഴങ്ങിയപ്പോള്‍ അന്‍ഷുല്‍ കാംബോജ് അഞ്ചോവറില്‍ 29ഉം ബുമ്ര അഞ്ചോവറില്‍ 22 റണ്‍സും വഴങ്ങി. ഏഴ് ബൗണ്ടറി സഹിതം 43 റണ്‍സടിച്ച ഡക്കറ്റാണ് ഇന്ത്യൻ പേസര്‍മാരെ കടന്നാക്രമിച്ചത്.

നേരത്തെ 264-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 94 റണ്‍സ് കൂടി കൂചട്ടിച്ചേര്‍ത്ത് രണ്ടാം സെഷനില്‍ 358 റണ്‍സിന് ഓള്‍ ഔട്ടാവുകായിരുന്നു. കാല്‍പ്പാദത്തിലെ പരിക്ക് വകവെക്കാതെ രണ്ടാം ദിനം ക്രീസിലിറങ്ങി പൊരുതിയ റിഷഭ് പന്തിന്‍റെ അര്‍ധസെഞ്ചുറിയുടെയും ഷാര്‍ദ്ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ ചെറുത്തു നില്‍പ്പിന്‍റെയും കരുത്തിലാണ് ഇന്ത്യ 358 റണ്‍സിലെത്തിയത്.

റിഷഭ് പന്ത് 54 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ 41 റണ്‍സും വാഷിംഗ്ടൺ സുന്ദര്‍ 27 റണ്‍സുമെടുത്തു. 264-4 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് രണ്ടാം ദിനം തുടക്കത്തിലെ രവീന്ദ്ര ജഡേജയെ നഷ്ടമായി. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ന്യൂബോളെടുത്ത ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറാണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ആര്‍ച്ചറുടെ പന്തില്‍ ജഡേജ രണ്ടാം സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കഴിഞ്ഞ നാല് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ. ജഡേജ 20 റണ്‍സുമായാണ് മടങ്ങിയത്. 266-5 എന്ന നിലയില്‍ പതറിയ ഇന്ത്യയെ ഷാര്‍ദ്ദുല്‍ താക്കൂറും വാഷിംഗ്ടൺ സുന്ദറും ചേര്‍ന്നാണ് 300 കടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക