1971നുശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഓവലില്‍ നടന്ന  അഞ്ച് ടെസ്റ്റുകള്‍ സമനിലയായി. എന്നാല്‍ 2011ല്‍ ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീമിനെ ഇന്നിംഗ്സിനും എട്ടു റണ്‍സിനും കീഴടക്കി ഓവലിലെ സമനിലപൂട്ട് ഇംഗ്ലണ്ട് പൊളിച്ചു. അന്ന് 4-0നാണ് ഇന്ത്യ പരമ്പര തോറ്റത്.

ഓവല്‍: ലീഡ്സിലെ ഇന്നിംഗ്സ് തോല്‍വിക്കുശേഷം ഓവലില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് കീഴടക്കി ഇന്ത്യ തിരിച്ചുവരവിന്‍റെ പുതിയൊരു അധ്യായം രചിച്ചപ്പോള്‍ അത് 50 വര്‍ഷത്തെ കാത്തിരിപ്പിനുള്ള അവസാനം കൂടിയാണ്. 1971ല്‍ അജിത് വഡേക്കറുടെ നേൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീമാണ് ഇതിന് മുമ്പ് അവസാനമായി ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് ജയിച്ചത്.

നാലു വിക്കറ്റിനായിരുന്നു അന്ന് ഇന്ത്യ ജയിച്ചുകയറിയത്. ആറ് വിക്കറ്റുമായി തിളങ്ങിയ ബി എസ് ചന്ദ്രശേഖറായിരുന്നു ഇന്ത്യയുടെ വിജയശില്‍പി. ആ ജയത്തോടെ ആദ്യമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനും ഇന്ത്യക്കായിരുന്നു. അതിനുശേഷം നടന്ന അഞ്ച് ടെസ്റ്റുകളിലും പക്ഷെ ഇംഗ്ലണ്ടിന് ഓവലില്‍ ഇന്ത്യയെ തോല്‍പ്പിക്കാനുമായിട്ടില്ലെന്നതാണ് കൗതുകകരം.

1971നുശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഓവലില്‍ നടന്ന അഞ്ച് ടെസ്റ്റുകള്‍ സമനിലയായി. എന്നാല്‍ 2011ല്‍ ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീമിനെ ഇന്നിംഗ്സിനും എട്ടു റണ്‍സിനും കീഴടക്കി ഓവലിലെ സമനിലപൂട്ട് ഇംഗ്ലണ്ട് പൊളിച്ചു. അന്ന് 4-0നാണ് ഇന്ത്യ പരമ്പര തോറ്റത്.

2014ല്‍ ഓവലില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യന്‍ തോല്‍വി കുറച്ചുകൂടി കനത്തതായിരുന്നു. ഇന്നിംഗ്സിനും 244 റണ്‍സിനുമായിരുന്നു അന്ന് ഇന്ത്യ തോറ്റത്. 2018ല്‍ വിരാട് കോലിയുടെ നേതൃത്വത്തിലെത്തിയ ഇന്ത്യന്‍ ടീം ഓവലില്‍ അലിസ്റ്റര്‍ കുക്കിന്‍റെ അവസാന രാജ്യാന്തര മത്സരത്തില്‍ 118 റണ്‍സിന് അടിയറവ് പറഞ്ഞു. ജയമില്ലാതെ എട്ട് മത്സരങ്ങള്‍ ഓവലില്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഇന്ത്യ ഒടുവില്‍ കോലിയുടെ കീഴില്‍ വിജയവുമായി മടങ്ങുന്നത്.

1986നുശേഷം ഇംഗ്ലണ്ടില്‍ ഒന്നിലധികം ടെസ്റ്റുകളില്‍ ജയിക്കുകയെന്ന റെക്കോര്‍ഡും ഇന്നത്തെ ജയത്തോടെ ഇന്ത്യ സ്വന്തമാക്കി. 1986ല്‍ കപില്‍ ദേവിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീം മൂന്ന് മത്സര പരമ്പരയില്‍ 2-0 ജയം സ്വന്തമാക്കിയിരുന്നു. തൊട്ടു മുന്‍ ടെസ്റ്റില്‍ ഇന്നിംഗ്സ് പരാജയം ഏറ്റുവാങ്ങിയശേഷം അടുത്ത ടെസ്റ്റില്‍ ഇന്ത്യ ജയിക്കുന്നത് ഇത് മൂന്നാം തവണയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.