സതാംപ്‌ടണ്‍: മഴയും വിക്കറ്റ് മഴയുമായി ഇംഗ്ലണ്ട്-പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം അവസാനിച്ചു. ആദ്യ ദിനം സ്റ്റംപ് എടുക്കുമ്പോള്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റിന് 126 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയാണ്. ബാബര്‍ അസമും(25*), മുഹമ്മദ് റിസ്‌വാനും(4*) ആണ് ക്രീസില്‍. മഴമൂലം ഇന്ന് 45.4 ഓവര്‍ മാത്രമാണ് എറിയാനായത്.

ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നാം ഓവറില്‍തന്നെ താളം കണ്ടെത്തിയപ്പോള്‍ പാകിസ്ഥാന് തുടക്കം പാളി. ഓപ്പണര്‍ ഷാന്‍ മുഹമ്മദ് ഒരു റണ്‍സില്‍ പുറത്ത്. നായകന്‍ അസര്‍ അലിയെയും(20) കാലുറപ്പിക്കാന്‍ ജിമ്മി അനുവദിച്ചില്ല. മറ്റൊരു ഓപ്പണറായ ആബിദ് അലിയുടെ അര്‍ധ സെഞ്ചുറി മാത്രമാണ് പാകിസ്ഥാന് ആദ്യദിനം ഓര്‍ത്തിരിക്കാനുള്ളത്. ആബിദിനെ സ്ലിപ്പില്‍ സിബ്ലിയും ബേണ്‍സും വിട്ടുകളയുകയും ചെയ്തിരുന്നു. 60 റണ്‍സെടുത്ത ആബിദിനെ സാം കറന്‍ പുറത്താക്കിയതോടെ പാകിസ്ഥാന്‍ കൂടുതല്‍ സമ്മര്‍ദത്തിലായി. 

അടുത്ത രണ്ട് വിക്കറ്റുകളും അടുത്തടുത്ത ഓവറുകളിലാണ് പാകിസ്ഥാന് നഷ്‌ടമായത്. ആസാദ് ഷഫീഖ് അഞ്ചിനും ഫവാദ് ആലം പൂജ്യത്തിനും വീണു. സ്റ്റുവര്‍ട്ട് ബ്രോഡിനും ക്രിസ് വോക്‌സിനുമായിരുന്നു വിക്കറ്റ്. ബാബര്‍ അസമിന്‍റെ നിലനില്‍പിനെ ആശ്രയിച്ചിരിക്കും രണ്ടാം ദിനം പാകിസ്ഥാന്‍റെ മുന്നോട്ടുള്ള സ്‌കോറിംഗ്. 

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലന ക്യാമ്പില്‍ നിന്ന് രവീന്ദ്ര ജഡേജ പിന്മാറി