മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം മഴ മൂലംഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വെസ്റ്റ് ഇന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെന്ന നിലയിലാണ്.ജയത്തിലേക്ക് 389 റണ്‍സാണ് വിന്‍ഡീസിന് വേണ്ടത്. ഇംഗ്ലണ്ടിന് എട്ട് വിക്കറ്റും.

മിന്നുന്ന ഫോമിലുള്ള സ്റ്റുവര്‍ട്ട് ബ്രോഡിലാണ് ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍. ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റെടുത്ത ബ്രോഡ് വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി ടെസ്റ്റ് കരിയറിലെ വിക്കറ്റ് നേട്ടം 499 ആക്കി. ഒരു വിക്കറ്റ് കൂടി നേടായില്‍ 500 വിക്കറ്റ് എന്ന ചരിത്ര നേട്ടം ബ്രോഡിന് സ്വന്തമാവും.

ഒരു ദിനം പൂര്‍ണമായും നഷ്ടമായതോടെ അഞ്ചാം ദിനം പിടിച്ചു നിന്നാല്‍ വിന്‍ഡീസിന് സമനില സ്വന്തമാക്കാം. അഞ്ചാം ദിനവും നേരിയ മഴ പെയ്യുമെന്ന പ്രവചനം വിന്‍ഡീസിന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും രണ്ട് സെഷനുകളെങ്കിലും ലഭിച്ചാല്‍ വിന്‍ഡ‍ീസിനെ പുറത്താക്കി പരമ്പര സ്വന്തമാക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്.

പരമ്പരയിലെ ആദ്യ മത്സരം വിന്‍ഡീസ് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് മഴ മൂലം ഒരു ദിവസം പൂര്‍ണമായും നഷ്ടമായിട്ടും ബെന്‍ സ്റ്റോക്സിന്റെ ഓള്‍ റൗണ്ട് മികവില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു.