ലണ്ടന്‍: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് ഇംഗ്ലീഷ് വനിത ക്രിക്കറ്റര്‍ സാറ ടെയ്‌ലറുടെ അപ്രതീക്ഷിത വിരമിക്കല്‍. അമിതമായ ഉത്‌ക്കണ്‌ഠ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മത്സരങ്ങളെ ബാധിക്കുന്നതാണ് താരത്തിന്‍റെ വിരമിക്കലിന് പിന്നിലെ കാരണം. 

'സങ്കീര്‍ണമായ തീരുമാനമാണിത്, എന്നാല്‍ ഉചിതമായ സമയത്താണ് തീരുമാനമെന്ന് വിശ്വസിക്കുന്നു. ആരോഗ്യം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. സഹതാരങ്ങള്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതായിവില്ല. കരിയറില്‍ ചേര്‍ത്തുനിര്‍ത്തിയ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനും സുഹ‍ൃത്തുക്കള്‍ക്കും നന്ദിയറിയിക്കുന്നു. ഇംഗ്ലണ്ടിനായി കുപ്പായമണിയാന്‍ അവസരം ലഭിച്ചത് സ്വപ്‌നയാഥാര്‍ത്ഥ്യമാണ്. ഇംഗ്ലണ്ടിനൊപ്പം ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാനായി. ആഷസ് വിജയം, ലോര്‍ഡ്‌സിലെ ലോകകപ്പ് ഫൈനല്‍...ഇവയൊക്കെ അതിന് ഉദാഹരണമാണ്' സാറ കുറിപ്പില്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനായി 2006ല്‍ അരങ്ങേറിയ സാറ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരിയാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 6,553 റണ്‍സാണ് സാറ സ്വന്തം പേരില്‍ കുറിച്ചത്. ഇംഗ്ലണ്ടിനായി 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90 ടി20കളും കളിച്ചു. വനിത ക്രിക്കറ്റിലെ ഇതിഹാസ വിക്കറ്റ് കീപ്പറായും പേരെടുത്ത സാറ 232 താരങ്ങളെ പുറത്താക്കി. 

മത്സരങ്ങളുടെ ആധിക്യവും ആരോഗ്യപ്രശ്‌നങ്ങളും സാറയെ അലട്ടിയിരുന്നതായാണ് സൂചന. 2016 ടി20 ലോകകപ്പിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത സാറ 2017 ലോകകപ്പിലാണ് തിരിച്ചെത്തിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ അടുത്തിടെ ആഷസ് ടി20 ക്രിക്കറ്റില്‍ നിന്നും സാറ വിട്ടുനിന്നിരുന്നു. വനിത ആരോഗ്യമാസികയുടെ ഫോട്ടോ ഷൂട്ടില്‍ അടുത്തിടെ സാറ നഗ്‌നയായി പ്രത്യക്ഷപ്പെട്ടിരുന്നു.