മുംബൈ: അടുത്ത വര്‍ഷാദ്യം മുഴുനീള പര്യടനത്തിനായി ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും. നാല് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യുമുള്ള ദീര്‍ഘ പരമ്പരയ്‌ക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുകയെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അറിയിച്ചു. ഈ വര്‍ഷം ഇന്ത്യയില്‍ വച്ച് സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന നിശ്ചിത ഓവര്‍ പരമ്പര കൊവിഡ് കാരണം അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരുന്നു. 

'ഐപിഎല്‍ ഇന്ത്യയില്‍'

'ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. അടുത്ത വര്‍ഷത്തെ ഐപിഎല്‍ ഇന്ത്യയില്‍ വച്ചുതന്നെ നടത്താനാണ് പദ്ധതിയിടുന്നത്. ഐപിഎല്‍ ഇന്ത്യക്കായുള്ള ടൂര്‍ണമെന്‍റാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനായെത്തിയ ഇന്ത്യന്‍ ടീം ക്വാറന്റീന്‍ ഇന്ന് പൂര്‍ത്തിയാക്കും. ഓസ്‌ട്രേലിയില്‍ ഏറെ കൊവിഡ് രോഗികളില്ല. അതിനാല്‍ തന്നെ മൈതാനത്തിറങ്ങാന്‍ താരങ്ങള്‍ കാത്തിരിക്കുകയാണ്' എന്നും ഗാംഗുലി വ്യക്തമാക്കി. 

ഓസ്‌ട്രേലിയക്കെതിരെ ടീം ഇന്ത്യയുടെ ഏകദിന പരമ്പര നവംബര്‍ 27നും ട്വന്റി 20 മത്സരങ്ങള്‍ ഡിസംബർ നാലിനും തുടങ്ങും. മൂന്ന് വീതം മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഡിസംബർ 17ന് നാല് ടെസ്റ്റുകളുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി തുടങ്ങും. അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് പകലും രാത്രിയുമായാണ്. ഇതിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങും. കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യ 2-1ന് ടെസ്റ്റ് പരമ്പര വിജയിച്ചിരുന്നു.