നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം ജയിച്ച് ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തി(2-2). നേപ്പിയറില്‍ 76 റണ്‍സിന്‍റെ വമ്പന്‍ വിജയമാണ് സന്ദര്‍ശകര്‍ നേടിയത്. ആദ്യ ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 241 റണ്‍സ് നേടിയപ്പോള്‍ കിവികള്‍ 165 റണ്‍സില്‍ പുറത്തായി. വെടിക്കെട്ട് സെഞ്ചുറി നേടിയ ഡേവിഡ് മലാനാണ് കളിയിലെ താരം. സ്‌കോര്‍: ഇംഗ്ലണ്ട്- 241/3 (20.0), കിവീസ്- 165 (16.5).

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബാറ്റിംഗ് വിസ്‌ഫോടനത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ നേടി. നായകന്‍ ഓയിന്‍ മോര്‍ഗനും ഡേവിഡ് മലാനും തകര്‍ത്തടിച്ചപ്പോള്‍ ഇംഗ്ലണ്ട് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 241 റണ്‍സെടുത്തു. മലാന്‍ 51 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 103 റണ്‍സും മോര്‍ഗന്‍ 41 പന്തില്‍ ഏഴ് വീതം ഫോറും സിക്‌സുമായി 91 റണ്‍സും നേടി. ടി20യില്‍ ഇംഗ്ലണ്ടിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഇംഗ്ലണ്ടിന്‍റെ ഏതൊരു വിക്കറ്റിലെയും ഉയര്‍ന്ന ടി20 കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡ് മലാനും മോര്‍ഗനും ചേര്‍ന്ന് സ്വന്തമാക്കി. ഇരുവരും 182 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 48 പന്തില്‍ നൂറ് തികച്ച മലാന്‍ ഇംഗ്ലണ്ടിന്‍റെ വേഗമേറിയ ടി20 സെഞ്ചുറിയുടെ റെക്കോര്‍ഡ് അടിച്ചെടുത്തു. 21 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ മോര്‍ഗന്‍ അന്താരാഷ്‌ട്ര ടി20യില്‍ ഒരു ഇംഗ്ലീഷ് താരത്തിന്‍റെ വേഗമേറിയ ഫിഫ്‌റ്റി എന്ന റെക്കോര്‍ഡും പേരിലാക്കി. 

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും കിവികള്‍ക്ക് മുതലാക്കാനായില്ല. നാല് വിക്കറ്റ് നേടിയ മാത്യു പാര്‍ക്കിന്‍സനും രണ്ട് പേരെ പുറത്താക്കി ക്രിസ് ജോര്‍ദനുമാണ് കിവികള്‍ക്ക് തടയിട്ടത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 27ല്‍ നില്‍ക്കേ പുറത്താകുമ്പോള്‍ 4.3 ഓവറില്‍ 54 റണ്‍സുണ്ടായിരുന്നു അവര്‍ക്ക്. സഹ ഓപ്പണര്‍ കോളിന്‍ മണ്‍റോ 21 പന്തില്‍ 30 റണ്‍സെടുത്തു. പിന്നീട് വന്നവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല.

ടിം സിഫോര്‍ട്ട് മൂന്ന് റണ്‍സിലും കോളിന്‍ ഗ്രാന്‍ഡ്‌ഹോം ഏഴ് റണ്‍സിലും പുറത്തായി. റോസ് ടെയ്‌ലര്‍(14), ഡാരില്‍ മിച്ചല്‍(2), മിച്ചല്‍ സാന്‍റ്‌നര്‍(10), ഇഷ് സോധി(9) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. എന്നാല്‍ 15 പന്തില്‍ നാല് സിക്‌സുകള്‍ സഹിതം 39 റണ്‍സെടുത്തു നായകന്‍ ടിം സൗത്തി. അവസാനക്കാരനായി ട്രന്‍ഡ് ബോള്‍ട്ട് 16.5 ഓവറില്‍ പുറത്തായതോടെ കിവികളുടെ പോരാട്ടം അവസാനിച്ചു. പരമ്പര വിജയിയെ തീരുമാനിക്കുന്ന അവസാന മത്സരം ഞായറാഴ്‌ച ഓക്‌ലന്‍ഡില്‍ നടക്കും.