സെഞ്ചൂറിയന്‍: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയും ഇംഗ്ലണ്ടിന്. സെഞ്ചൂറിയനില്‍ നടന്ന മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 22 പന്തില്‍ 57 റണ്‍സ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20 ആതിഥേയര്‍ ജയിച്ചപ്പോള്‍ അവസാന രണ്ട് മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കി. 

വിജയത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് രണ്ടാം ഓവറില്‍ തന്നെ ജേസണ്‍ റോയിയെ (7) നഷ്ടമായി. എന്നാല്‍ ജോസ് ബട്‌ലര്‍ (29 പന്തില്‍ 57), ജോണി ബെയര്‍സ്റ്റ് (34 പന്തില്‍ 64), മോര്‍ഗന്‍ എന്നിവര്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ട് അനായാസ ജയം സ്വന്തമാക്കി. ഡേവിഡ് മലാന്‍ (11), ബെന്‍ സ്‌റ്റോക്‌സ് (22) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൊയീന്‍ അലി (5) പുറത്താവാതെ നിന്നു.

ഹെന്റിച്ച് ക്ലാസന്‍ (33 പന്തില്‍ 66), തെംബ ബവൂമ (24 പന്തില്‍ 49), ക്വിന്റണ്‍ ഡി കോക്ക് (24 പന്തില്‍ 35), ഡേവിഡ് മില്ലര്‍ (20 പന്തില്‍ 35) എന്നിവരുടെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി സാം കറന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ടും മാര്‍ക് വുഡ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് നേടിയിരുന്നു. എന്നാല്‍ ഏകദിന പരമ്പര 1-1 സമനിലയില്‍ അവസാനിച്ചു.