ബാറ്റിംഗ് കൂടി കണക്കിലെടുത്താണ് കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുന്നതെന്നും ഗില്‍ പറഞ്ഞു.

ബര്‍മിംഗ്ഹാം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ ജയിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം ആദ്യ ടെസ്റ്റ് തോറ്റ ടീമില്‍ ഇന്ത്യ മൂന്ന് മാറ്റങ്ങള്‍ വരുത്തി. പേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും സായ് സുദര്‍ശന് പകരം നീതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ടോസ് നേടിയിരുന്നെങ്കില്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ടോസ് നഷ്ടമായശേഷം ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.

ബാറ്റിംഗ് കൂടി കണക്കിലെടുത്താണ് കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുന്നതെന്നും ഗില്‍ പറഞ്ഞു. സായ് സുദര്‍ശന്‍ പുറത്തായതോടെ മൂന്നാം നമ്പറില്‍ കരുണ്‍ നായരാവും ഇന്ത്യക്കായി ഇറങ്ങുക. ജസ്പ്രീത് ബുമ്രക്ക് പകരം അര്‍ഷ്ദീപ് സിംഗ് അരങ്ങേറുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ആകാശ്ദീപിന്‍റെ പരിചയസമ്പത്തിന് ടീം മാനേജ്മെന്‍റ് മുന്‍തൂക്കം നല്‍കുകയായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 0-1ന് പിന്നിലാണ്.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്(ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടോങ്, ഷോയിബ് ബഷീർ

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക