ജൂണില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്‍റെ അടുത്ത പരീക്ഷ

ലണ്ടന്‍: പരിക്കില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പുമാത്രം തിരിച്ചെത്തിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് (Ben Stokes) വീണ്ടും പരിക്കിന്‍റെ ആശങ്ക. വിന്‍ഡീസ് പര്യടനത്തിനിടെ കാല്‍മുട്ടിന് വേദനയനുഭവപ്പെട്ട സ്റ്റോക്‌സ് സ്‌കാനിംഗ് ഫലം വരാനായി കാത്തിരിക്കുകയാണ്. ഇതോടെ ഏപ്രില്‍ ഏഴിനാരംഭിക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കിംഗ് ബെന്നിന് നഷ്‌ടമായേക്കും. ഐപിഎല്‍ (IPL 2022) നടക്കുന്നതിനാല്‍ പല ഇംഗ്ലീഷ് താരങ്ങളും കൗണ്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

'സ്‌കാനിംഗ് ഫലങ്ങള്‍ വരാനായി കാത്തിരിക്കുന്നു. അതുവരെ പരിശീലനത്തിനിറങ്ങുന്നില്ല. ഫലങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ തുടര്‍ പദ്ധതികളിലേക്ക് കടക്കൂ'വെന്നും ബെന്‍ സ്റ്റോക്‌സ് ഒരു ക്രിക്കറ്റ് പോഡ്‌കാസ്റ്റില്‍ പറഞ്ഞു. ജൂണില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്‍റെ അടുത്ത പരീക്ഷ. അഷസിലെ തോല്‍വി ഉള്‍പ്പടെ വലിയ സമ്മര്‍ദത്തിലാണ് നിലവില്‍ ടീം. ഓസീസിനോട് 4-0ന് തോറ്റ ടീം വിന്‍ഡീസില്‍ 1-0നും പരാജയം രുചിച്ചിരുന്നു. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ബെന്‍ സ്റ്റോക്‌സ് കളിക്കുന്നില്ല. ആഷസ് തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നതിന് വേണ്ടിയാണ് സ്റ്റോക്‌സ് മെഗാതാരലേലത്തില്‍ പങ്കെടുക്കാതിരുന്നത്. കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായിരുന്ന സ്റ്റോക്സിനെ താരലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി നിലനിർത്തിയിരുന്നില്ല. 2021 സീസണിന്‍റെ രണ്ടാംഘട്ടത്തില്‍ മാനസീകാരോഗ്യം മുന്‍നിർത്തി സ്റ്റോക്സ് കളിച്ചിരുന്നില്ല. 

ആഷസ് പരമ്പരയില്‍ 236 റണ്‍സും നാല് വിക്കറ്റുമാണ് സ്റ്റോക്‌സ് നേടിയത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ആറ് ഇന്നിംഗ്‌സുകളില്‍ 194 റണ്‍സും ഏഴ് വിക്കറ്റും നേടി. ഇതോടെ ടെസ്റ്റില്‍ 5000 റൺസും 150 വിക്കറ്റും പൂർത്തിയാക്കുന്ന അഞ്ചാമത്തെ താരമെന്ന നേട്ടത്തില്‍ സ്റ്റോക്‌സ് ഇടംപിടിച്ചിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ബെൻ സ്റ്റോക്‌സ്‌ സെഞ്ചുറി നേടിയാണ് എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ചത്. ടെസ്റ്റില്‍ സ്റ്റോക്‌സിന്‍റെ പതിനൊന്നാം സെഞ്ചുറിയായിരുന്നു ഇത്.

IPL 2022 : വേണ്ടത് 54 റണ്‍സ് മാത്രം; കോലിക്ക് പിന്നാലെ സുപ്രധാന നാഴികക്കല്ല് മറികടക്കാന്‍ രോഹിത്