കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് എന്നിവരുടെ വിക്കറ്റ് പവർപ്ലേയ്ക്കിടെ നഷ്ടമായത് തിരിച്ചടിയായി

മുംബൈ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യക്ക് 38 റണ്‍സിന്‍റെ തോല്‍വി. വാംഖഡെ സ്റ്റേഡിയത്തില്‍ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹർമന്‍പ്രീത് കൗറിനും സംഘത്തിനും നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ: ഇംഗ്ലണ്ട്- 197/6 (20), ഇന്ത്യ-159/6 (20). 53 പന്തില്‍ 77 റണ്‍സും ഒരു വിക്കറ്റുമായി ഇംഗ്ലണ്ടിന്‍റെ നാറ്റ് സൈവർ ബ്രണ്ട് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് വനിതകള്‍ 1-0ന് മുന്നിലെത്തി. രണ്ടാം ടി20 9-ാം തിയതി മുംബൈയില്‍ തന്നെ നടക്കും. 

കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് എന്നിവരുടെ വിക്കറ്റ് പവർപ്ലേയ്ക്കിടെ നഷ്ടമായത് തിരിച്ചടിയായി. ഇതിന് ശേഷം 42 പന്തില്‍ 52 റണ്‍സെടുത്ത ഷെഫാലി വർമ്മ തിളങ്ങിയെങ്കിലും ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ (21 പന്തില്‍ 26), വിക്കറ്റ് കീപ്പർ റിച്ച ഘോഷ് (16 പന്തില്‍ 21) എന്നിവർക്ക് അധിക നേരം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. കനിക അഹൂജ 12 പന്തില്‍ 15 റണ്‍സുമായി മടങ്ങിയപ്പോള്‍ പൂജ വസ്ത്രകർ (11 പന്തില്‍ 11), ദീപ്തി ശർമ്മ (3 പന്തില്‍ 3) എന്നിവർ പുറത്താവാതെ നിന്നു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ സോഫീ എക്കിള്‍സ്റ്റണ്‍ ഇംഗ്ലീഷ് ബൗളിംഗില്‍ തിളങ്ങി. നാറ്റ് സൈർ ബ്രണ്ടും ഫ്രേയ കെംപും സാറ ഗ്ലെന്നും ഓരോരുത്തരെ പുറത്താക്കി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വനിതകള്‍ തുടക്കത്തില്‍ 2-2 എന്ന നിലയില്‍ പതറിയ ശേഷം ഡാനിയേല വ്യാറ്റ്, നാറ്റ് സൈവര്‍ ബ്രണ്ട്, എമി ജോണ്‍സ് ത്രിമൂര്‍ത്തികളുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 197 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. നാറ്റ് 53 പന്തില്‍ 77 ഉം വ്യാറ്റ് 47 പന്തില്‍ 75 ഉം റണ്‍സ് നേടി. വെടിക്കെട്ട് ഫിനിഷിംഗുമായി വിക്കറ്റ് കീപ്പര്‍ എമി ജോണ്‍സ് 9 പന്തില്‍ 23 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഫ്രെയ കോംപ് 2 പന്തില്‍ 5* പുറത്താവാതെ നിന്നു. ഇന്ത്യക്കായി രേണുക സിംഗ് താക്കൂര്‍ മൂന്നും അരങ്ങേറ്റ മത്സരം കളിക്കുന്ന താരങ്ങളായ ശ്രേയങ്ക പാട്ടീല്‍ രണ്ടും സൈക ഇഷാഖ് ഒന്നും വിക്കറ്റ് പേരിലാക്കി.

Read more: ഇന്ത്യന്‍ വനിതകള്‍ വിയര്‍ക്കും; അടിച്ചുപറത്തി ഇംഗ്ലണ്ട്, കൂറ്റന്‍ സ്കോര്‍, രണ്ട് ഫിഫ്റ്റി, തീപ്പൊരി ഫിനിഷിംഗ്