Asianet News MalayalamAsianet News Malayalam

ഓയിന്‍ മോർഗന്‍ വിരമിച്ചു; പാഡഴിച്ചത് 'ഇംഗ്ലണ്ടിന്‍റെ തല'വര മാറ്റിയ താരം

നീണ്ടനാളത്തെ ആലോചനക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന് മോര്‍ഗന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിരമിക്കല്‍ തീരുമാനമെടുക്കുക എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ ഇതാണ് ശരിയായ സമയമെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

Eoin Morgan announces international retirement
Author
London, First Published Jun 28, 2022, 7:22 PM IST

ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ ഏകദിന, ടി20 ടീമുകളുടെ നായകനായ ഓയിൻ മോര്‍ഗന്‍(Eoin Morgan) രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മോശം ഫോമും പരിക്കും കാരണം മോര്‍ഗന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് മോര്‍ഗന്‍റെ വിരമിക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമാണ് 35കാരനായ മോര്‍ഗന്‍. 2019ല്‍ ഇംഗ്ലണ്ട് ഏകദിന ലോകകപ്പില്‍ കന്നിക്കിരീടം നേടിയതും മോര്‍ഗന്‍റെ കീഴിലാണ്.

നീണ്ടനാളത്തെ ആലോചനക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന് മോര്‍ഗന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിരമിക്കല്‍ തീരുമാനമെടുക്കുക എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ ഇതാണ് ശരിയായ സമയമെന്നും മോര്‍ഗന്‍ വ്യക്തമാക്കി. കരിയറില്‍ പിന്തുണച്ച കുടുംബാംഗങ്ങള്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി പറഞ്ഞു.രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഹണ്ട്രഡ് ടൂര്‍ണമെന്‍റില്‍ ലണ്ടന്‍ സ്പിരിറ്റിനായി മോര്‍ഗന്‍ കളി തുടരും.

ഇംഗ്ലണ്ടിന്‍റെ തലവര മാറ്റിയ നായകന്‍

2015ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെയാണ് അലിസ്റ്റര്‍ കുക്കിന്‍റെ പിന്‍ഗാമിയായി  മോര്‍ഗന്‍ ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ ടീമിന്‍റെ നായക സ്ഥാനംഏറ്റെടുത്തത്. പിന്നീട് മോര്‍ഗന് കീഴില്‍  ഇംഗ്ലണ്ട് എതിരാളികള്‍ ഭയക്കുന്ന ടീമായി മാറി.

2019ല്‍ ഇംഗ്ലണ്ടിനെ ആദ്യ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മോര്‍ഗന്‍ 2016ലെ ടി20ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഫൈനലിലെത്തിച്ചു. എന്നാല്‍ അവസാന ഓവറില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്‍റെ അവിശ്വസനീയ ഇന്നിംഗ്സിന് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഇംഗ്ലണ്ട് ഫൈനലില്‍ തോറ്റു. ഇംഗ്ലണ്ടിനെ 126 ഏകദിനങ്ങളിലും 72 ടി20 മത്സരങ്ങളിലും മോര്‍ഗന്‍ നയിച്ചു.

അയര്‍ലന്‍ഡ് ദേശീയ ടീമിനായും കളിച്ചിട്ടുള്ള മോര്‍ഗന്‍ 2009ലാണ് ഇംഗ്ലണ്ടിലേക്ക് മാറിയത്. 2009ല്‍ അയര്‍ലന്‍ഡ് ടീമില്‍ നിന്ന് ഇംഗ്ലണ്ട് ടീമിലെത്തിയ മോര്‍ഗന്‍ ഏകദിനത്തില്‍ 248 മത്സരങ്ങളില്‍ 7701 റണ്‍സും 115 ടി20 മത്സരങ്ങളില്‍ 2548 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിട്ടുള്ള മോര്‍ഗന്‍ 83 മത്സരങ്ങളില്‍ 1405 റണ്‍സടിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി ഇംഗ്ലണ്ടിനെ 340 മത്സരങ്ങളില്‍ പ്രതിനിധീകരിച്ച മോര്‍ഗന്‍ 2010 മുതല്‍ 2012വരെ 16 ടെസ്റ്റില്‍ നിന്ന് രണ്ട് സെഞ്ചുറികളും നേടി.

ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കൂടി ഇംഗ്ലണ്ടിനെ നയിക്കാനുള്ള ആഗ്രഹം 35കാരനായ മോര്‍ഗന്‍ പരസ്യമാക്കിയിരുന്നെങ്കിലും മോശം ഫോമും പരിക്കും അതിന് അനുവദിക്കാത്ത സാഹചര്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയത്. ടി20യിലും ഏകദിനത്തിലുമായി അവസാനം കളിച്ച 48 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് മോർഗൻ നേടിയത്.  2021നുശേഷം അഞ്ച് ഏകദിനങ്ങളില്‍ 103 റണ്‍സും 43 ടി20 മത്സരങ്ങളില്‍ 643 റണ്‍സും മാത്രമാണ് മോര്‍ഗന് നേടാനായത്.

Follow Us:
Download App:
  • android
  • ios