ലോകകപ്പിന് മുമ്പ് തന്നെ ലോകകപ്പ് ജേതാക്കളെയും ടൂര്‍ണമെന്‍റിലെ താരത്തെയും വിക്കറ്റ് വേട്ടക്കാരനെയും റണ്‍വേട്ടക്കാരനെയും തെരഞ്ഞെടുത്തിരിക്കുകയാണ് ഓയിന്‍ മോര്‍ഗന്‍.
അഹമ്മദാബാദ്: ഇംഗ്ലണ്ടിന്‍റെ നാലു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ ലോക കിരീടം സമ്മാനിച്ച നായകനാണ് ഓയിന്‍ മോര്‍ഗന്‍. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തിനൊടുവില്‍ ന്യൂസിലന്‍ഡിനെ ബൗണ്ടറി കണക്കില്‍ മറികടന്നാണ് മോര്‍ഗന്‍റെ നേതൃത്വത്തിലിറങ്ങിയ ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് ഉയര്‍ത്തിയത്.
അതിന് മുമ്പ് മൂന്ന് തവണ ഫൈനലിലെത്തിയിട്ടും കൈവിട്ട കിരീടഭാഗ്യം ഐസിസി നിയമത്തിലെ പഴുതിലൂടെ ഇംഗ്ലണ്ടിന്‍റെ കൈകളിലെത്തി. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ച നായകന്‍ ജോസ് ബട്‌ലര്‍ ടീമിന്‍റെ ഐസിസി ട്രോഫികളിലേക്ക് ഒരെണ്ണം കൂടി കൂട്ടിച്ചേര്‍ത്തു. ഇത്തവണ മോര്‍ഗന്‍ ലോകകപ്പിനെത്തുന്നത് കളി പറച്ചിലുകരാനായാണ്.
ലോകകപ്പിന് മുമ്പ് തന്നെ ലോകകപ്പ് ജേതാക്കളെയും ടൂര്‍ണമെന്‍റിലെ താരത്തെയും വിക്കറ്റ് വേട്ടക്കാരനെയും റണ്‍വേട്ടക്കാരനെയും തെരഞ്ഞെടുത്തിരിക്കുകയാണ് ഓയിന്‍ മോര്‍ഗന്‍. മോര്‍ഗന്‍റെ പ്രവചനം അനുസരിച്ച് ഇത്തവണയും ഇംഗ്ലണ്ട് തന്നെയാകും ലോകകപ്പില്‍ കിരീടമുയര്‍ത്തുക. ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരനായി മോര്‍ഗന്‍ തെരഞ്ഞെടുത്തിരിക്കുന്നതും ഇംഗ്ലണ്ട് താരത്തെയാണ്.
ലെഗ് സ്പിന്നര്‍ ആദില്‍ റഷീദാവും ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തുകയെന്ന് മോര്‍ഗന്‍ സ്കൈ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററും മോര്‍ഗന്‍റെ കണക്കുകൂട്ടല്‍ അനുസരിച്ച് ഇംഗ്ലണ്ട് താരമാണ്. മറ്റാരുമല്ല, ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ തന്നെ.
ലോക കിരീടവും വിക്കറ്റ് വേട്ടയിലെയും റണ്‍വേട്ടയിലെയും ഒന്നാം സ്ഥാനും ഇംഗ്ലണ്ടിന് നല്‍കുന്ന മോര്‍ഗന്‍ ലോകകപ്പിലെ താരമായി തെരഞ്ഞെടുത്തിരിക്കുന്നത് പക്ഷെ ഒരു ഇന്ത്യന്‍ താരത്തെയാണെന്നതാണ് കൗതുകകരം. മറ്റാരുമല്ല, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെ. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളുമായി രോഹിത് റെക്കോര്‍ഡിട്ടിരുന്നു.
