ഗുരുതര പരിക്കുമായി പുറത്തുപോയപ്പോള്‍ തന്‍റെ കരിയര്‍ തീര്‍ന്നുവെന്ന് പറഞ്ഞവരുണ്ടെന്ന് ഇന്നലെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ദിവസത്തെ കളിക്കുശേഷം ബുമ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് ആറ് റണ്‍സ് ലീഡ് സമ്മാനിച്ചത് ജസ്പ്രീത് ബുമ്രയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. മത്സരത്തില്‍ മറ്റ് ഇന്ത്യൻ ബൗളര്‍മാരൊന്നും അവസരത്തിനൊത്ത് ഉയരാതിരുന്നപ്പോള്‍ ബുമ്രയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിനെ 465 റണ്‍സിലെങ്കിലും ഒതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഇംഗ്ലണ്ടില്‍ ബുമ്രയുടെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഈ വര്‍ഷം ജനുവരിയില്‍ ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിനിടെ പുറത്ത് പരിക്കേറ്റതിനെത്തുടര്‍ന്ന് നാലുമാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്നശേഷം ബുമ്രയുടെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവുമാണിത്.

ഗുരുതര പരിക്കുമായി പുറത്തുപോയപ്പോള്‍ തന്‍റെ കരിയര്‍ തീര്‍ന്നുവെന്ന് പറഞ്ഞവരുണ്ടെന്ന് ഇന്നലെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ദിവസത്തെ കളിക്കുശേഷം ബുമ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഞാന്‍ കരിയര്‍ തുടങ്ങിയപ്പോള്‍ ചിലര്‍ പറഞ്ഞു, എട്ട് മാസമെന്ന്, മറ്റ് ചിലര്‍ പറഞ്ഞു 10 മാസമെന്ന്, എന്നാല്‍ ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി. ഐപിഎല്ലില്‍ 12-13 സീസണും. എന്നിട്ടും ആളുകള്‍ എനിക്ക് ഇപ്പോൾ പരിക്കുപറ്റുമ്പോഴും പറയും, അവന്‍റെ കരിയര്‍ ഇതോടെ തീര്‍ന്നുവെന്ന്. പറയുന്നവര്‍ പറയട്ടെ, ഞാന്‍ എന്‍റെ പണിയെടുക്കാം.

ഓരോ നാലു മാസം കൂടുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും. എന്നാല്‍ ദൈവം അനുവദിക്കുന്ന കാലത്തോളം ഞാന്‍ ക്രിക്കറ്റ് കളിക്കും. മികച്ച തയാറെടുപ്പുകള്‍ നടത്തും, ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. കാരണം, ദൈവം അനുഗ്രഹിക്കുമെന്ന കാര്യത്തില്‍ എനിക്കത്രമാത്രം വിശ്വാസമുണ്ട്-ബുമ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആളുകളുടെ അഭിപ്രായം മാറുന്നത് ഞാന്‍ നോക്കാറില്ല. കാരണം, അവരെഴുതുന്നതും പറയുന്നതും എന്‍റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. എന്നെക്കുറിച്ച് എന്തെഴുതണമെന്ന് എനിക്കവരെ ഉപദേശിക്കാനുമാവില്ല. എന്‍റെ പേരെഴുതിയാല്‍ അവര്‍ക്ക് കാഴചക്കാരെയും വായനക്കാരെയും കിട്ടുമായിരിക്കും. പക്ഷെ അതെന്നെ ബാധിക്കുന്ന കാര്യമേയല്ല. ഹെഡിങ്‌ലിയിലെ പിച്ച് ബാറ്റ് ചെയ്യാന്‍ ഇപ്പോഴും ബുദ്ധിമുട്ടുള്ള പിച്ചല്ല. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ മികച്ചൊരു ടോട്ടലുയര്‍ത്തി ബൗളര്‍മാരുടെ സമ്മര്‍ദ്ദം കുറക്കാനാണ് ഇന്ത്യ ശ്രമിക്കുകയെന്നും ബുമ്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക