തോക്കുമായി എത്തിയ കൊള്ളക്കാര്‍ സാന്‍ഡ്‌ടണ്‍ സണ്‍ ഹോട്ടലിനടുത്ത് വച്ച് ഫാബിയാന്‍ അലനെ തടഞ്ഞുവെക്കുകയായിരുന്നു

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗിനിടെ കൊള്ളയടിക്കപ്പെട്ട് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലന്‍. ജൊഹന്നസ്‌ബര്‍ഗിലെ പ്രസിദ്ധമായ സാന്‍ഡ്‌ടണ്‍ സണ്‍ ഹോട്ടലിനരികെ വച്ച് തോക്ക് ചൂണ്ടി കള്ളന്‍മാര്‍ അലന്‍റെ ഫോണും ബാഗും കവര്‍ന്നു. സൗത്താഫ്രിക്ക 20 ലീഗില്‍ പാള്‍ റോയല്‍സിനായി കളിക്കാനെത്തിയപ്പോഴാണ് ഫാബിയാന്‍ അലന്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. 

തോക്കുമായി എത്തിയ കൊള്ളക്കാര്‍ സാന്‍ഡ്‌ടണ്‍ സണ്‍ ഹോട്ടലിനടുത്ത് വച്ച് ഫാബിയാന്‍ അലനെ തടഞ്ഞുവെക്കുകയായിരുന്നു. മൊബൈല്‍ ഫോണും ബാഗും ഉള്‍പ്പെടുന്ന താരത്തിന്‍റെ സ്വകാര്യ വസ്തുക്കള്‍ കവര്‍ന്നെങ്കിലും താരത്തിന് ആക്രമണത്തില്‍ പരിക്കില്ല. ഫാബിയാന്‍ അലന്‍ സുരക്ഷിതനായിരിക്കുന്നതായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതായി പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്‌ബസ് റിപ്പോര്‍ട്ട് ചെയ്തു. വിന്‍ഡീസ് സഹതാരം ഒബെഡ് മക്കോയിയുടെ ഫോണ്‍ വഴി അലനുമായി വെസ്റ്റ് ഇന്‍ഡീസ് മുഖ്യ പരിശീലകന്‍ ആന്ദ്രേ കോളി സംസാരിച്ചു. സംഭവത്തെ കുറിച്ച് പാള്‍ റോയല്‍സിനോട് വിന്‍ഡീസ് ബോര്‍ഡ് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. പാള്‍ ടീം ഔദ്യോഗിക പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.

ട്വന്‍റി 20 ലീഗ് തുടങ്ങിയതോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് പുതിയ തലത്തിലേക്ക് വളരുന്നതിനിടെയാണ് താരത്തെ തോക്കുചൂണ്ടി കൊള്ളയടിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. ഇതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയില്‍ വിദേശ താരങ്ങളുടെ സുരക്ഷ ചോദ്യചിഹ്നമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗിന്‍റെ രണ്ടാം എഡിഷന്‍ പ്ലേ ഓഫ് ഘട്ടത്തിലൂടെ പുരോഗമിക്കുകയാണ്. നോക്കൗട്ട് ഘട്ടത്തില്‍ പാള്‍ ടീമിനായി ഫാബിയാന്‍ അലന്‍ കളിക്കും എന്നാണ് റിപ്പോര്‍ട്ട്.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനായി 20 ഏകദിനങ്ങളും 34 ട്വന്‍റി 20 മത്സരങ്ങളും 28കാരനായ ഫാബിയാന്‍ അലന്‍ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ അഞ്ച് മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. 

Read more: 'തോറ്റു, ഇനി എന്തെടുത്ത് അഭിമാനിക്കാന്‍, നശിപ്പിച്ചത് ബാസ്ബോള്‍'; ഇംഗ്ലണ്ടിനെ എയറിലാക്കി ജെഫ് ബോയ്ക്കോട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം