Asianet News MalayalamAsianet News Malayalam

സനത് ജയസൂര്യ മരിച്ചെന്ന് വ്യാജ വാര്‍ത്ത; നടുങ്ങി അശ്വിനും; ട്വീറ്റ് വിവാദത്തില്‍

വ്യാജ വാര്‍ത്തകള്‍ നിഷേധിച്ച് ജയസൂര്യ തന്നെ നേരിട്ട് നേരത്തെ രംഗത്തെത്തിയത് അറിയാതെ അശ്വിന്‍റെ ട്വീറ്റ് ചെയ്യുകയായിരുന്നു. 

Fake News Sanath Jayasuriya died in Car Accident
Author
Colombo, First Published May 27, 2019, 2:34 PM IST

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയില്‍ പുലിവാല്‍ പിടിച്ച് ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയസൂര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞതായാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. വ്യാജ വാര്‍ത്തകള്‍ നിഷേധിച്ച് ജയസൂര്യ തന്നെ നേരിട്ട് നേരത്തെ രംഗത്തെത്തിയത് അറിയാതെ അശ്വിന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. 

വാര്‍ത്തകള്‍ വ്യാജമാണെന്നും അവ പ്രചരിപ്പിക്കരുതെന്നും ആരാധകരോട് ആവശ്യപ്പെട്ട് ജയസൂര്യ രംഗത്തെത്തിയിരുന്നു. "താന്‍ കാര്‍ അപകടത്തില്‍ മരിച്ചുവെന്ന് കഴിഞ്ഞ രാത്രി മുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇപ്പോള്‍ ശ്രീലങ്കയിലാണുള്ളത്. അടുത്തൊന്നും കാനഡ സന്ദര്‍ശിച്ചിട്ടില്ല. വ്യാജ പ്രചാരണം കുടുംബത്തെയും സുഹൃത്തുക്കളെയും ആഴത്തില്‍ അസ്വസ്‌ഥരാക്കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയുക".- പ്രസ്‌താവനയിലൂടെ മുന്‍ ക്രിക്കറ്റ് താരം ആരാധകരെ മെയ് 21ന് അറിയിച്ചു. 

എന്നാല്‍ വാര്‍ത്തയുടെ വാസ്‌തവം അന്വേഷിച്ചുള്ള അശ്വിന്‍റെ ഇന്നത്തെ ട്വീറ്റ് ഇങ്ങനെ. 'ശരിയാണോ ജയസൂര്യ മരിച്ചെന്ന വാര്‍ത്ത, തനിക്ക് വാട്‌സാപ്പില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചത്. എന്നാല്‍ ട്വിറ്ററില്‍ ഇത് സംബന്ധിച്ച് ഒന്നും കാണാനില്ല'. ജയസൂര്യയെ കുറിച്ചുള്ള പ്രചാരണം സത്യമാണോ എന്നറിയാന്‍ മറ്റ് വഴികളുള്ളപ്പോഴാണ് ഏറെക്കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള അശ്വിന്‍റെ ട്വീറ്റ്. മാത്രമല്ല, തനിക്ക് ആപത്തൊന്നും സംഭവിച്ചിട്ടില്ലെന്ന് ജയസൂര്യ മെയ് 21ന് വ്യക്തമാക്കിയത് അശ്വിന്‍ അറിഞ്ഞിട്ടുമില്ല. ഇരുപത്തിയൊന്നാം തിയതിക്ക് ശേഷം ഫേസ്‌ബുക്കില്‍ ജയസൂര്യയുടെ പോസ്റ്റുകള്‍ കാണാം.

വ്യാജ പ്രചാരണങ്ങള്‍ ജയസൂര്യ നിഷേധിച്ചതാണെന്ന് നിരവധി ആരാധകര്‍ അശ്വിന് മറുപടി നല്‍കി. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായാണ് ജയസൂര്യ വിലയിരുത്തപ്പെടുന്നത്. ഏകദിനത്തില്‍ 13,000ത്തിലേറെ റണ്‍സും 300ലേറെ വിക്കറ്റും ജയസൂര്യയുടെ പേരിലുണ്ട്. വെടിക്കെട്ട് ബാറ്റിംഗാണ് ജയസൂര്യയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്‌തമാക്കിയത്. ടെസ്റ്റില്‍ 2007ലും ഏകദിനത്തില്‍ നിന്ന് 2011ലും ജയസൂര്യ വിരമിച്ചു. 

Follow Us:
Download App:
  • android
  • ios