എല്ലാവരും ഹെല്‍മെറ്റ് ധരിക്കു എന്ന സച്ചില്‍ ടെന്‍ഡുല്‍ക്കറുടെ പഴയ വീഡിയോയും ക്രിക്കറ്റ് ആരാധകര്‍ കുത്തിപ്പൊക്കി.ഇതിന് പിന്നാലെയാണ് ഹെല്‍മെറ്റ് ബോധവല്‍ക്കരണ പോസ്റ്റുമായി കേരള പൊലീസും രംഗത്തെത്തിയത്.
തിരുവനന്തപുരം: കേരളത്തിന്‍റെ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശത്തിനൊപ്പം ട്രെന്‍ഡിങ്ങായി സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മെറ്റും. സല്‍മാന്‍റെ ഹെല്‍മെറ്റിനെ പുകഴ്ത്തി കേരള പൊലീസ് അടക്കം രംഗത്തെത്തി. ഒന്നാം ഇന്നിങ്സില്‍ ഗുജറാത്തിന്റെ പത്താം വിക്കറ്റിന് ശരിക്കും അവകാശി സല്‍മാന്‍റെ ഹെല്‍മെറ്റാണെന്ന് പറയുന്നു ആരാധകര്‍.
ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഹെല്‍മെറ്റാണതെന്നും ബാറ്റുകൊണ്ടും ബോളുകൊണ്ടും മാത്രമല്ല ഹെല്‍മെറ്റ് കൊണ്ടും കളിക്കുന്നവരാണ് കേരളത്തിന്‍റെ ചുണക്കുട്ടികളെന്നും ആരാധക പക്ഷം. ഇത് കേരളമാണ് സാര്‍. 100% വിക്ടറി, 100% ഡെഡിക്കേഷന്‍... എന്നും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുറിച്ചു.
എല്ലാവരും ഹെല്‍മെറ്റ് ധരിക്കു എന്ന സച്ചില്‍ ടെന്‍ഡുല്‍ക്കറുടെ പഴയ വീഡിയോയും ക്രിക്കറ്റ് ആരാധകര്‍ കുത്തിപ്പൊക്കി.ഇതിന് പിന്നാലെയാണ് ഹെല്‍മെറ്റ് ബോധവല്‍ക്കരണ പോസ്റ്റുമായി കേരള പൊലീസും രംഗത്തെത്തിയത്. ചരിത്ര നിമിഷം കടമെടുത്ത കേരള പൊലീസിനും കമന്‍റ് ബോക്സില്‍ കയ്യടി. കാര്യം ട്രൈന്‍ഡിങ്ങായെങ്കിലും പന്തിടിച്ച് ചെറിയ പരിക്കേറ്റിരുന്നു സല്‍മാന്. എന്നാല്‍ മുകരുതലെന്ന നിലയില്‍ സല്‍മാനെ ആശുപത്രിയില്‍ സ്കാനിംഗിന് വിധേയനാക്കിയെങ്കിലും സാരമുള്ളതല്ലെന്ന് വ്യക്തമായതോടെ കേരളത്തിനും ആശ്വാസം.
ഇന്നലെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് ഗുജറാത്തിന് വെറും 3 റണ്‍സ് മാത്രം മതിയെന്നഘട്ടത്തില്‍ കേരളത്തിന്‍റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചതായിരുന്നു. എന്നാല്‍ നാഗ്വസ്വാലയുടെ ഒരു നിമിഷത്തെ ബുദ്ധിശൂന്യത കേരളത്തിന് കച്ചിത്തുരുമ്പായി. അതുവരെ സര്‍വാതെയും സക്നേയെയും ഫലപ്രദമായി പ്രതിരോധിച്ച നാഗ്വസ്വാല സര്‍വാതെക്കെതിരെ സ്ക്വയര്‍ ലെഗ്ഗിലേക്ക് കളിച്ച ഷോര്‍ട്ട് നേരെ കൊണ്ടത് ഷോര്‍ട്ട് ലെഗ്ഗില്‍ ഹെല്‍മെറ്റ് ധരിച്ച് ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്‍റെ തലയിലെ ഹെല്‍മെറ്റിലായിരുന്നു.
ഹെല്‍മെറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് നേരെ ചെന്നതാകട്ടെ വിക്കറ്റിന് പിന്നില്‍ നില്‍ക്കുയായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലും. പന്ത് അനായാസം കൈയിലൊതുക്കിയ സച്ചിന്‍ ബേബിയും കേരളവും ആഘോഷം തുടങ്ങുമ്പോള്‍ ഗുജറാത്ത് താരങ്ങള്‍ കൈയകലെ ഫൈനല്‍ ബെര്‍ത്ത് നഷ്ടമായതിന്‍റെ നിരാശയിലായിരുന്നു.
