ഹര്‍ഷ ഭോഗ്‌ലെയെ മഞ്ജരേക്കര്‍ അപമാനിച്ചെന്ന് ആരാധകര്‍; മാപ്പ് പറയണമെന്ന് ആരാധകരുടെ ആവശ്യം.
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റിലെ ഒരു സംഭവത്തിന്‍റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് കമന്‍റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. മത്സരത്തിനിടെ സഹ കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയെ കുറിച്ച് മഞ്ജരേക്കര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. പകല്‍-രാത്രി ടെസ്റ്റിന് ഉപയോഗിക്കുന്ന പിങ്ക് ബോളിനെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് ഭോഗ്‌ലെയെ പ്രകോപിപ്പിച്ച് മഞ്ജരേക്കര്‍ വാവിട്ട പ്രയോഗം നടത്തിയത്.
പിങ്ക് പന്ത് ബാറ്റ്സ്‌മാന്‍മാര്‍ക്ക് കൃത്യമായി കാണാനാകുന്നുണ്ടോ എന്ന ചര്‍ച്ച ചെയ്യുകയായിരുന്നു കമന്‍ററി ബോക്‌സില്‍ ഇരുവരും. പന്ത് കാണാനാകുന്നുണ്ടോ എന്ന് താരങ്ങളില്‍ നിന്ന് ചോദിച്ച് മനസിലാക്കണം എന്നായിരുന്നു ഭോഗ്‌ലെയുടെ നിലപാട്. ഉടനടി എതിര്‍ത്ത മഞ്ജരേക്കര്‍ ഭോഗ്‌ലെക്ക് കൊടുത്ത മറുപടി ഇങ്ങനെ. "മത്സരം കളിച്ച് പരിചയമില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് അത് ചോദിച്ചറിയേണ്ടിവരുന്നു, മത്സരങ്ങള്‍ കളിച്ചിട്ടുള്ള എനിക്കൊന്നും അതിന്‍റെ ആവശ്യമില്ല".
മികച്ച കമന്‍റേറ്റര്‍ എന്ന് വിലയിരുത്തപ്പെടുന്ന ഭോഗ്‌ലെയെ മുന്‍ ഇന്ത്യന്‍ താരം കൂടിയായ സഞ്ജയ് മഞ്ജരേക്കര്‍ അപമാനിക്കുകയായിരുന്നു എന്ന വിമര്‍ശനവുമായി ആരാധകര്‍ ഇതോടെ രംഗത്തെത്തി. ഭോഗ്‌ലെയോട് മഞ്ജരേക്കര്‍ മാപ്പ് പറയണമെന്ന് ആരാധകര്‍ നിലപാടെടുത്തു. ക്രിക്കറ്റ് ചരിത്രത്തിലെ മോശം കമന്‍റേറ്ററാണ് മഞ്ജരേക്കര്‍ എന്നുവരെ ആരാധകര്‍ ട്വീറ്റ് ചെയ്തു. കമന്‍ററി ബോക്‌സിലേക്ക് സഞ്ജയ് മഞ്ജരേക്കര്‍ ഒരിക്കലും തിരിച്ചെത്തല്ലേ എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ പ്രതികരണം.
