ബംഗ്ലാദേശിനെതിരെ നാണംകെട്ട തോൽവി വഴങ്ങിയതോടെ സാമൂഹ്യമാധ്യമങ്ങളിൽ പാകിസ്ഥാനെതിരെ ട്രോൾ മഴ 

റാവല്‍പിണ്ടി: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ബംഗ്ലാദേശിനോട് തോറ്റതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് സോഷ്യല്‍ മീഡിയയില്‍ ട്രോൾ പ്രവാഹം. റാവല്‍പിണ്ടി ടെസ്റ്റില്‍ പാകിസ്ഥാനെതിരെ പത്ത് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്‍റെ ചരിത്രവിജയം. പാകിസ്ഥാന്‍ ആദ്യ ഇന്നിംഗ്‌സ് നേരത്തെ ഡിക്ലയർ ചെയ്‌ത തീരുമാനത്തെ കളിയാക്കിയാണ് ട്രോളുകളിൽ ഏറെയും. നാല് വിക്കറ്റ് ശേഷിക്കേ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്‌തത് പാരയാകുമെന്ന് നിരവധി ആരാധകര്‍ പാകിസ്ഥാന്‍ ടീമിന് നേരത്തെ മുന്നറിയിപ്പ് കൊടുത്തതാണ്. 

ക്യാപ്റ്റന്‍ ഷാന്‍ മസൂദ് എടുത്ത ഡിക്ലെയര്‍ തീരുമാനത്തിന് കനത്ത വിലയാണ് മത്സരത്തില്‍ പാക് ക്രിക്കറ്റ് ടീമിന് കൊടുക്കേണ്ടിവന്നത്. ആദ്യ ഇന്നിംഗ്‌സ് നേരത്തെ ഡിക്ലെയര്‍ ചെയ്‌ത് മത്സരം വിജയിച്ച് നേരത്തെ മടങ്ങാമെന്ന പാകിസ്ഥാന്‍റെ എല്ലാ സ്വപ്‌നങ്ങളും ബംഗ്ലാ കടുവകള്‍ തല്ലിക്കെടുത്തിയപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഏറുകയാണ്. ഇന്ത്യയുടെ മുൻ താരങ്ങളായ ആകാശ് ചോപ്രയും വസീം ജാഫറും പാക് ടീമിനെ വെറുതെ വിട്ടില്ല. ട്വീറ്റുകളില്‍ ചിലത് കാണാം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ചോദിച്ചുവാങ്ങിയ തോല്‍വി

റാവൽപിണ്ടിയിൽ പാകിസ്ഥാൻ 10 വിക്കറ്റ് തോല്‍വിയുമായി നാണംകെട്ടപ്പോൾ പതിനാല് ടെസ്റ്റുകൾക്കിടെ ബംഗ്ലാദേശ് അവര്‍ക്കെതിരെ ആദ്യ ജയമാണ് സ്വന്തമാക്കിയത്. സ്വന്തം നാട്ടിൽ പാകിസ്ഥാന്‍റെ ആദ്യ 10 വിക്കറ്റ് തോൽവി കൂടിയാണിത്. ആദ്യ ഇന്നിംഗ്സിൽ 117 റൺസ് ലീഡ് നേടിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ പാകിസ്ഥാനെ വെറും 146 റൺസിന് എറിഞ്ഞിട്ടാണ് ജയം എളുപ്പമാക്കിയത്. വിജയലക്ഷ്യമായ 30 റണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ ബംഗ്ലാദേശ് അടിച്ചെടുത്തു. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. 

ആദ്യ ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ 113 ഓവറില്‍ 448-6 എന്ന സ്കോറില്‍ ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. 239 പന്തില്‍ 171 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും 24 പന്തില്‍ 29 റണ്‍സുമായി ഷഹീന്‍ അഫ്രീദിയുമായിരുന്നു ക്രീസില്‍. റിസ്‌വാനെ ഇരട്ട സെഞ്ചുറിയടിക്കാന്‍ സമ്മതിക്കാതെ ഡിക്ലെയര്‍ ചെയ്യാനെടുത്ത തീരുമാനത്തെ പാക് ആരാധകര്‍ പോലും വിമര്‍ശിച്ചിരുന്നു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് പാകിസ്ഥാന്‍റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് 565 റണ്‍സടിച്ചു. 341 പന്തില്‍ 191 റണ്‍സുമായി മുഷ്‌ഫീഖുര്‍ റഹീമായിരുന്നു ടോപ് സ്കോറര്‍. രണ്ടാം ഇന്നിംഗ്‌സിലാവട്ടെ പാകിസ്ഥാന്‍ വെറും 146 റണ്‍സില്‍ പുറത്തായപ്പോള്‍ വിജയലക്ഷ്യമായ 30 റണ്‍സ് ബംഗ്ലാദേശ് വിക്കറ്റ് നഷ്‌ടമില്ലാതെ 6.3 ഓവറില്‍ അടിച്ചെടുക്കുകയായിരുന്നു. 

Read more: ചരിത്രനേട്ടവുമായി ബംഗ്ലാദേശ്, പാകിസ്ഥാനെതിരെ റാവല്‍പിണ്ടി ടെസ്റ്റില്‍ 10 വിക്കറ്റ് ജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം