ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡ‍ിയത്തില്‍ ബാറ്റുമായി ധോണി പരിശീലനത്തിനിറങ്ങി. എട്ട് മാസത്തെ ഇടവേളക്കുശേഷം ബാറ്റുമായി നെറ്റ്സിലെത്തിയ ധോണിയുടെ പ്രകടനം കാണാന്‍ നൂറുകണക്കിന് ആരാധകരാണ് ചെപ്പോക്ക് സ്റ്റേഡിയത്തിലെത്തിയത്. ധോണിയുടെ ഓരോ ഷോട്ടിനും അവര്‍ യഥാര്‍ത്ഥ മത്സരത്തിലെന്നപോലെ ആര്‍പ്പുവിളിച്ചു കൈയടിച്ചു.

ആരാധകരെ നിരാശരാക്കാതെ ധോണിയും കൂറ്റനടികളുമായി കളം നിറഞ്ഞു. നേരത്തെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ധോണി നെറ്റ്സില്‍ പരിശീലനം നടത്തിയിരുന്നെങ്കിലും ആരാധകര്‍ക്ക് അത് കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. ലോകകപ്പിനുശേഷം ഇതാദ്യമായാണ് ധോണിയുടെ ബാറ്റിംഗ് പരിശീലനം ആരാധകര്‍ നേരിട്ടു കാണുന്നത്. ഈ മാസം 19നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടീം ക്യാംപിന് തുടക്കമാവുക.

നേരത്തെ ചെന്നൈ വിമാനത്താവളത്തിലെത്തിയ ധോണിക്ക് ആരാധകര്‍ ഗംഭീര വരവേല്‍പ്പാണ് ഒരുക്കിയിരുന്നത്. ചെന്നൈയില്‍ ധോണിയെ സ്വീകരിക്കാന്‍ നൂറു കണക്കിന് സിഎസ്‌കെ ആരാധകരാണ് വിമാനത്താവളത്തിലെത്തിയത്. പിയൂഷ് ചൗള, അംബാട്ടി റായുഡു, കരണ്‍ ശര്‍മ എന്നീ താരങ്ങളും ധോണിക്കൊപ്പം ചെന്നൈയിലെത്തിയിട്ടുണ്ട്.

മാര്‍ച്ച് 29ന് തുടങ്ങുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം.ഐപിഎല്ലിലെ ധോണിയുടെ പ്രകടനം അനുസരിച്ചായിരിക്കും രാജ്യാന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ തിരിച്ചുവരവെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.