അഡ്‌ലെയ്‌ഡ്: പാകിസ്ഥാനെതിരെ അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ ഓസീസ് വിസ്‌മയ പ്രകടനം കാഴ്‌ചവെക്കുമ്പോഴും നായകന്‍ ടിം പെയ്‌നിനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. ആദ്യ ഇന്നിംഗ്‌സില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ 400 അടിക്കാന്‍ സമ്മതിക്കാതെ ഡിക്ലയര്‍ ചെയ്തതിനാണ് പെയ്‌ന്‍ പഴി കേള്‍ക്കുന്നത്. 

അഡ്‌ലെയ്‌ഡില്‍ സംഭവിച്ചത് നാടകീയം?

പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് മൂന്ന് വിക്കറ്റിന് 589 റണ്‍സെടുത്താണ് ഡിക്ലയര്‍ ചെയ്തത്. ക്രീസിലുണ്ടായിരുന്ന ഡേവിഡ് വാര്‍ണറെയും മാത്യു വെയ്‌ഡിനെയും രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് മുന്‍പ് നായകന്‍ പെയ്‌ന്‍ തിരിച്ചുവിളിച്ചത് ആരാധകരെ ഞെട്ടിച്ചു. 418 പന്തില്‍ 39 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 335 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു ഈ സമയം വാര്‍ണര്‍. മഴ പെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പെയ്‌ന്‍ ഡിക്ലയര്‍ തീരുമാനം എടുത്തത് എന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍, ഉച്ചഭക്ഷണത്തിന് മുന്‍പ് ഡിക്ലയര്‍ ചെയ്യാനുള്ള പെയ്‌നിന്‍റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ അടക്കമുള്ളവര്‍ രംഗത്തെത്തി. ബ്രയാന്‍ ലാറയുടെ 400 റണ്‍സിന്‍റെ റെക്കോര്‍ഡ് വാര്‍ണര്‍ തകര്‍ക്കാനുള്ള അവസരം പെയ്‌ന്‍ നശിപ്പിച്ചു എന്നാണ് ബ്രെറ്റ് ലീയുടെ വിമര്‍ശനം. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ലാറയുടെ ലോക റെക്കോര്‍ഡ് ഒരാള്‍ക്ക് മറികടക്കാനുള്ള അവസരം ഇപ്പോഴാണ് സംജാതമായതെന്നും ലീ കൂട്ടിച്ചേര്‍ത്തു. 

ബ്രെറ്റ് ലീ മാത്രമല്ല, മുന്‍ താരങ്ങളടക്കം നിരവധി പേര്‍ പെയ്‌നിന്‍റെ തീരുമാനം മോശമാണെന്ന് പ്രതികരിച്ചു. പെയ്‌നിനെതിരായ വിമര്‍ശനം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആവുകയും ചെയ്തു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനമാണ് ഓസീസ് നായകന്‍ കൈക്കൊണ്ടത് എന്നുവരെ വിമര്‍ശിച്ചു ആരാധകര്‍. 

ലാറയെ പേടിപ്പെടുത്തിയ വാര്‍ണര്‍ കുതിപ്പ്

ലോക റെക്കോര്‍ഡ് തകര്‍ക്കാതെ പാതിവഴിയില്‍ മടങ്ങിയെങ്കിലും വാര്‍ണറിന്‍റെ ദിവസമായിരുന്നു അഡ്‌ലെയ്‌ഡ് ടെസ്റ്റിന്‍റെ രണ്ടാം ദിനം. ട്രിപ്പിള്‍ ശതകം നേടുന്ന ഏഴാം ഓസീസ് താരം, മാര്‍ക് ടെയ്‌ലര്‍ക്ക് ശേഷം പാകിസ്ഥാനെതിരെ 300 തികയ്‌ക്കുന്ന ഓസീസ് താരം എന്നീ നേട്ടങ്ങളിലെത്തി വാര്‍ണര്‍. ടെസ്റ്റില്‍ ഒരു ഓസീസ് താരത്തിന്‍റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് വാര്‍ണര്‍ കുറിച്ചത്. 380 റണ്‍സ് നേടിയ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്‌ഡന്‍ മാത്രമാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്. 334 റണ്‍സ് നേടിയ സര്‍ ഡോണ്‍ ബ്രാഡ്‌മാനെയും മുന്‍ നായകന്‍ മാര്‍ക് ടെയ്‌ലറെയും വാര്‍ണര്‍ പിന്നിലാക്കി. 

ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റുകളുടെ ചരിത്രത്തിലെ രണ്ടാം ട്രിപ്പിള്‍ കൂടിയാണ് അഡ്‌ലെയ്‌ഡില്‍ പിറന്നത്. പാകിസ്ഥാന്‍റെ അഷര്‍ അലി നേടിയ 302 റണ്‍സ് മറികടക്കാന്‍ വാര്‍ണര്‍ക്കായി. ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ഒരു താരത്തിന്‍റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് വാര്‍ണറുടേത്. കിംഗ്‌സ്റ്റണില്‍ 365* റണ്‍സ് നേടിയ സര്‍ ഗാരി സോബേര്‍സ് മാത്രമാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്. വാര്‍ണര്‍ കരുത്തില്‍ ഓസീസ് പടുത്തുയര്‍ത്തിയ 589/3 എന്ന സ്‌കോര്‍ ഡേ-നൈറ്റ് ടെസ്റ്റ് ചരിത്രത്തിലെ ഉയര്‍ന്ന ടീം ടോട്ടല്‍ കൂടിയാണ്.