Asianet News MalayalamAsianet News Malayalam

ഈ മുതലിനെയാണോ നിങ്ങൾ ഇത്രയും നാൾ ഷാർദ്ദുലിനുവേണ്ടി ബെഞ്ചിലിരുത്തിയത്, മുഹമ്മദ് ഷമിക്കുവേണ്ടി കൈയടിച്ച് ആരാധകർ

ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ പ്ലേയിംഗ് ഇലവനിലെത്തിയ ഷമി മത്സരത്തില്‍ എറിഞ്ഞ തന്‍റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു.

Fans lauds Mohammed Shamis performance in world cup comeback match vs New Zealand gkc
Author
First Published Oct 22, 2023, 6:35 PM IST

ധരംശാല: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചെന്നൈയില്‍ ഓസ്ട്രേലിയയെ നേരിടാനിറങ്ങിയപ്പോള്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇറങ്ങിയത്. ചെന്നൈയിലെ പിച്ച് സ്പിന്നര്‍മാരെ തുണക്കുന്നതാണെന്നതിനാല്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം ശരിയുമായിരുന്നു. പേസര്‍മാരായി ജസപ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. എന്നാല്‍ ദില്ലിയില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന രണ്ടാം മത്സരത്തിലും അഹമ്മദാബാദില്‍ പാകിസ്ഥാനെതിരെ നടന്ന മൂന്നാം മത്സരത്തിലും പൂനെയില്‍ ബംഗ്ലാദേശിനെതിരായ നാലാം മത്സരത്തിലും ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് അശ്വിനെ പുറത്തിരുത്തിയപ്പോള്‍ പകരം പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചത് ഷാര്‍ദ്ദുല്‍ താക്കൂറിനെയായിരുന്നു.

ബാറ്റിംഗ് ആഴം കൂട്ടാനെന്ന ന്യായീകരമാണ് ടീം മാനേജ്മെന്‍റ് ഇതിന് പറഞ്ഞിരുന്നത്. ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുമായി മിന്നും ഫോമിലായിട്ടും ഷമിക്ക് അവസരം നല്‍കാന്‍ രോഹിത്തോ ദ്രാവിഡോ തയാറായില്ല. ഒടുവില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ പരിക്ക് അ‍ഞ്ച് ബൗളര്‍മാരുമായി ഇറങ്ങേണ്ട നിര്‍ബന്ധിത സാഹചര്യത്തിലേക്ക് നയിച്ചപ്പോള്‍ ഷമിയെ കളിപ്പിക്കുകയല്ലാതെ ടീമിന് വേറെ വഴിയില്ലാതായി.

ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ അനില്‍ കുംബ്ലെയെ മറികടന്നു, ഷമിക്ക് മുന്നില്‍ ഇനി രണ്ടുപേര്‍ മാത്രം

ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ പ്ലേയിംഗ് ഇലവനിലെത്തിയ ഷമി മത്സരത്തില്‍ എറിഞ്ഞ തന്‍റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു. രചിന്‍ രവീന്ദ്രയെ രവീന്ദ്ര ജഡേജ കൈവിട്ടില്ലായിരുന്നെങ്കില്‍ ഷമി ഇരട്ടപ്രഹരമേല്‍പ്പിക്കുമായിരുന്നു. ഒടുവില്‍ ഷമി തന്നെയാണ് രചിന്‍ രവീന്ദ്രയെ വീഴ്ത്തി കൂട്ടുകെട്ട് പൊളിച്ചത്. അവസാന പത്തോവറില്‍ കിവീസിനെ 300 കടക്കുന്നത് തടഞ്ഞ ഷമിയും ബുമ്രയും സിറാജും ചേര്‍ന്ന് കിവീസിനെ 273ല്‍ പിടിച്ചു കെട്ടിയപ്പോള്‍ സെഞ്ചുറി നേടിയ ഡാരില്‍ മിച്ചലിന്‍റേതടക്കം അഞ്ച് വിക്കറ്റുകളാണ് ഷമി എറിഞ്ഞിട്ടത്.

ലോകകപ്പില്‍ രണ്ട് വ്യത്യസ്ത ലോകകപ്പുകളില്‍ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി ഇതോടെ ഷമി. ന്യൂസിലന്‍ഡിനെതിരായ ഷമിയുടെ പ്രകടം ആരാധകരും കൈയടിയോടെയാണ് വരവേല്‍ക്കുന്നത്. ഈ മൊതലിനെയാണോ ഷാര്‍ദ്ദുല്‍ താക്കൂറിന് വേണ്ടി നിങ്ങള്‍ ബെഞ്ചിലിരുത്തിയത് എന്നാണ് ആരാധകരിപ്പോള്‍ ചോദിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios