ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ അനില്‍ കുംബ്ലെയെ മറികടന്നു, ഷമിക്ക് മുന്നില്‍ ഇനി രണ്ടുപേര്‍ മാത്രം
2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ഏകദിന ലോകകപ്പിലാണ് ഷമി ആദ്യമായി ഇന്ത്യക്കായി ലോകകപ്പില്‍ കളിച്ചത്. ആ ലോകകപ്പില്‍ ഏഴ് കളികളില്‍ 17 വിക്കറ്റുമായി ഇന്ത്യന്‍ ബൗളര്‍മാരില്‍ വിക്കറ്റ് വേട്ടയില്‍ ഷമി രണ്ടാമതെത്തിയിരുന്നു

ധരംശാല: ലോകകപ്പ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വിക്കറ്റ് നേട്ടത്തിലൂടെ ആഘോഷികച്ച പേസര്‍ മുഹമ്മദ് ഷമി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ലോകകപ്പ് വിക്കറ്റ് നേട്ടത്തില്‍ അനില്‍ കുംബ്ലെയെ മറികടന്ന ഷമി 37വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. 31 വിക്കറ്റുകള്‍ നേടിയ കുംബ്ലയുടെ നേട്ടമാണ് ഷമി ഇന്ന് മറികടന്നത്. 44 വിക്കറ്റുകള്‍ വീതം നേടിയിട്ടുള്ള ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും മാത്രമാണ് ലോകകകപ്പ് വിക്കറ്റ് നേട്ടത്തില്‍ ഇനി ഷമിക്ക് മുന്നിലുള്ളത്. ഈ ലോകകപ്പില്‍ തന്നെ ഷമിക്ക് അത് മറികടക്കാനാകുമെന്നാണ് കരുതുന്നത്.
ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളിലും ഷമിക്ക് പ്ലേയിംഗ് ഇലവനില്‍ ഇടമുണ്ടായിരുന്നില്ല. പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂറാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിലൊഴികെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായതോ അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തേണ്ടിവന്നു. ഇതോടെ ഷാര്‍ദ്ദുലിന് പകരം മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനിലെത്തി.
തിരിച്ചുവരവിൽ ആദ്യ പന്തിൽ വിക്കറ്റെടുത്ത് ഷമിയുടെ പ്രതികാരം; അനായാസ ക്യാച്ച് കൈവിട്ട് ജഡേജ
2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ഏകദിന ലോകകപ്പിലാണ് ഷമി ആദ്യമായി ഇന്ത്യക്കായി ലോകകപ്പില്‍ കളിച്ചത്. ആ ലോകകപ്പില്‍ ഏഴ് കളികളില്‍ 17 വിക്കറ്റുമായി ഇന്ത്യന്‍ ബൗളര്‍മാരില്‍ വിക്കറ്റ് വേട്ടയില്‍ ഷമി രണ്ടാമതെത്തിയിരുന്നു.2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലാകട്ടെ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്ക് അടക്കം ഷമി 14 വിക്കറ്റ് വീഴ്ത്തി.
ഇന്ന് ന്യൂസിലന്‍ഡിനെതിരെ ആദ്യ പന്തില്‍ വിക്കറ്റെടുത്ത ഷമി തന്‍റെ രണ്ടാം ഓവറിലും വിക്കറ്റെടുക്കേണ്ടതായിരുന്നു. മുഹമ്മദ് ഷമിയുടെ പന്തില്‍ രചിന്‍ രവീന്ദ്ര നല്‍കിയ അനായാസ ക്യാച്ച് രവീന്ദ്ര ജഡേജ അവിശ്വസനീയമായി നിലത്തിട്ടു. പിന്നീട് രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ഇന്ത്യ വിയര്‍ത്തു.160 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ച് രചീന്‍ രവീന്ദ്രയെ വീഴ്ത്തിയതും ഷമിയായിരുന്നു. ശുഭ്മാന്‍ ഗില്ലാണ് ഇത്തവണ രചിന്‍ രവീന്ദ്രയെ കൈയിലൊതുക്കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തെറിഞ്ഞ ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി രണ്ട് ലോകകപ്പില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക