ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിയും വിരാട് കോലിയുടെ പിന്‍ഗാമിയും ഇന്ത്യയുടെ ഭാവി നായകനുമെല്ലാം ആയി വിലയിരുത്തപ്പെട്ടിരുന്ന ഗില്‍ ഇപ്പോഴെവിടെ എന്നാണ് ആരാധകരുടെ ചോദ്യം.
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ 28 റണ്‍സിന് ഇന്ത്യ തോറ്റതിന് പിന്നാലെ യുവതാരം ശുഭ്മാന്‍ ഗില്ലിനെതിരെ പരിഹാസവുമായി ആരാധകര്‍. കഴിഞ്ഞവര്‍ഷം മിന്നും ഫോമിലായിരുന്ന ഗില്‍ ഐപിഎല്ലിനുശേഷം നടന്ന ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയശേഷം ഫോം മങ്ങിയ ഗില്ലിന് ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും തിളങ്ങാനായിരുന്നില്ല. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 23ഉം രണ്ടാം ഇന്നിംഗ്സില്‍ രണ്ടും റണ്‍സെടുത്ത് പുറത്തായതോടെ ഗില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.
ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിയും വിരാട് കോലിയുടെ പിന്‍ഗാമിയും ഇന്ത്യയുടെ ഭാവി നായകനുമെല്ലാം ആയി വിലയിരുത്തപ്പെട്ടിരുന്ന ഗില്‍ ഇപ്പോഴെവിടെ എന്നാണ് ആരാധകരുടെ ചോദ്യം.ഇന്ത്യന്‍ ടീം ശുഭ്മാന്‍ ഗില്ലിന് വീണ്ടും വീണ്ടും അവസരം നല്‍കി മറ്റ് പ്രതിഭകളുടെ അവസരം നശിപ്പിക്കുകയാണെന്നും സര്‍ഫറാസ് ഖാനെയും രജത് പാടീദാറിനെപ്പോലയുമുള്ള പ്രതിഭകള്‍ കാത്തിരിക്കുമ്പോള്‍ കുറഞ്ഞപക്ഷം സ്പിന്നര്‍മാരെ കളിക്കാനറിയുന്ന ആര്‍ക്കെങ്കിലും രണ്ടാം ടെസ്റ്റില്‍ അവസരം നല്‍കണണെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
അഹമ്മദാബാദിലെ ഫ്ലാറ്റ് പിച്ചില്‍ മാത്ര റണ്ണടിക്കാനെ ഗില്ലിനാവു എന്നും ചിലര്‍ പരിഹസിച്ചു. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയശേഷം അവസാനം കളിച്ച ഒമ്പത് ഇന്നിംഗ്സില്‍ ഒറ്റ അര്‍ധസെഞ്ചുറി പോലും ഇല്ലാത്ത ഗില്‍ പ്ലേയിംഗ് ഇലവനില്‍ തുടരുന്നതിലും ചിലര്‍ അത്ഭുതം പ്രകടിപ്പിക്കുന്നു. ഐപിഎല്‍ സ്പെഷലിസ്റ്റായ ഗില്ലിനെ എന്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ കളിപ്പിക്കുന്നുവെന്നാണ് മറ്റ് ചിലരുടെ ചോദ്യം.
കഴിഞ്ഞ വര്‍ഷം ആദ്യ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ 128 റണ്‍സടിച്ചശേഷം ടെസ്റ്റിലെ ഗില്ലിന്‍റെ ഉയര്‍ന്ന സ്കോര്‍ 29 ആണ്. മികച്ച തുടക്കങ്ങള്‍ ലഭിച്ചിട്ടും അത് വലിയ ഇന്നിംഗ്സ് ആക്കി മാറ്റാനാവാത്തതാണ് ഗില്ലിന്‍റെ യഥാര്‍ത്ഥ പ്രശ്നം.കഴിഞ്ഞ 10 ഇന്നിംഗ്സില്‍ രണ്ട് തവണ മാത്രമാണ് ഗില്‍ രണ്ടക്കം കടക്കാതെ പുറത്തായത്. പക്ഷെ ഒരുതവണ പോലും അര്‍ധസെഞ്ചുറി പോലും തികക്കാന്‍ ഗില്ലിനായിരുന്നില്ല.
