ഐപിഎല്‍ മത്സരങ്ങള്‍ക്ക് പുറമെ കാസിനോകള്‍, ലോട്ടറി, ബെറ്റിംഗ്, ഹോഴ്‌സ് റേസിംഗ്, ഗാംബ്ലിംഗ്, ഓണ്‍ലൈന്‍ മണി ഗെയിംസ് എന്നിവയ്‌ക്കും ജിഎസ്‌ടി നിരക്കുകള്‍ ഉയരും 

ദില്ലി: വരും സീസണ്‍ ഐപിഎല്‍ മത്സരങ്ങള്‍ നേരില്‍ കാണുന്നത് ആരാധകര്‍ക്ക് ചിലവേറും. ഐപിഎല്‍ ടിക്കറ്റുകള്‍ ഉള്‍പ്പടെയുള്ള വിവിധ വിനോദ പരിപാടികള്‍ക്ക് 40 ശതമാനം ജിഎസ്‌ടി ബാധകമാക്കിയതോടെയാണിത്. ഐപിഎല്‍ മത്സരങ്ങള്‍, കാസിനോകള്‍, ലോട്ടറി, ബെറ്റിംഗ്, ഹോഴ്‌സ് റേസിംഗ്, ഗാംബ്ലിംഗ്, ഓണ്‍ലൈന്‍ മണി ഗെയിംസ് എന്നിവയ്‌ക്ക് പുതുക്കിയ ജിഎസ്‌ടി സ്ലാബ് പ്രകാരം ലക്ഷ്വറി ടാക്‌സ് സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. ഐപിഎല്‍ മത്സരങ്ങള്‍ക്ക് നേരത്തെ 28 ശതമായിരുന്നു ജിഎസ്‌ടി ചുമത്തിയിരുന്നത്. ബുധനാഴ്‌ച ചേര്‍ന്ന 56-ാം ജിഎസ്‌ടി കൗണ്‍സില്‍ യോഗമാണ് ജിഎസ്‌ടി സ്ലാബുകളില്‍ മാറ്റത്തിന് അനുമതി നല്‍കിയത്.

പുതുക്കിയ ജിഎസ്‌ടി പട്ടികയില്‍ 12, 28 സ്ലാബുകൾ ഒഴിവാക്കിയതോടെ ബഹുഭൂരിപക്ഷം സാധനങ്ങൾക്കും സേവനങ്ങൾക്കും നിരക്ക് കുറയും. 175 നിത്യോപയോഗ സാധനങ്ങൾക്ക് വില താഴും. 75 ഉത്‌പന്നങ്ങളുടെ വിലകുറയുമ്പോള്‍ കൃഷി, ആരോഗ്യം, ടെക്സ്റ്റൈൽസ്, വളം, ഓട്ടോമോട്ടീവ്, ഇൻഷുറൻസ് എന്നിങ്ങനെ എട്ടു മേഖലകൾക്ക് വലിയ ഗുണമുണ്ടാകും. ആരോഗ്യ ലൈഫ്‌ ഇൻഷുറൻസ് നികുതി ഇല്ലാതായതോടെ പ്രീമിയത്തിൽ വലിയ കുറവ് അനുഭവപ്പെടും. എല്ലാ മരുന്നുകൾക്കും വില താഴുമെന്നത് രോഗികള്‍ക്ക് ആശ്വാസമാണ്. 33 ജീവൻരക്ഷാ മരുന്നുകളുടെ നികുതി പൂർണ്ണമായി ഒഴിവാക്കിയത് ആകര്‍ഷമാണ്. അർബുദ രോഗത്തിനും അപൂർവ രോഗങ്ങൾക്കും ഉപയോഗിക്കുന്ന മരുന്നുകളുടെ 5% നികുതി ഒഴിവാക്കി. മറ്റെല്ലാ മരുന്നുകളുടെയും നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ചിലേക്ക് കുറച്ചു.

കാർ വിലയിൽ ഒരു ലക്ഷം രൂപ വരെ കുറവ് വരുമെന്ന പ്രത്യേകതയുമുണ്ട്. നികുതി 28 ശമതാനത്തില്‍ നിന്ന് 18 ശതമാനം ആക്കി ആണ് കുറച്ചിരിക്കുന്നത്. സിമന്‍റിന്‍റെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചത് നിർമാണ മേഖലയ്ക്ക് വലിയ ആശ്വാസമാകും. സാധാരണക്കാരെ മുൻനിർത്തിയുള്ള തീരുമാനമെന്നാണ് ജിഎസ്‌ടി പരിഷ്‌കരണത്തെ ധനമന്ത്രി നിർമല സീതാരാമന്‍ വിശേഷിപ്പിച്ചത്. എങ്കിലും ഐപിഎല്‍ ആരാധകര്‍ക്ക് അത്ര സന്തോഷം നല്‍കുന്ന വാര്‍ത്തയല്ല ജിഎസ്‌ടി പരിഷ്‌കാരം നല്‍കുന്നത്. നിലവിലെ നിരക്കില്‍ വരും സീസണിലും ഐപിഎല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ ബിസിസിഐ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | Onam 2025