എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് ഇതേ മുംബൈ ടീമിനെ കുറ്റം പറഞ്ഞാണ് ഹാര്‍ദ്ദിക് ഗുജറാത്ത് ടൈറ്റന്‍സ് നായകനായി പോയതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി.
മുംബൈ: ഐപിഎല്ലില്‍ ഇന്നലെ മുംബൈ ഇന്ത്യൻസിനായി അരങ്ങേറി നാലു വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ട അശ്വനി കുമാറിനെ പ്രശംസിച്ച് മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഒപ്പം പ്രതിഭകളെ തെരഞ്ഞെുപിടിക്കാനുള്ള മുംബൈ ഇന്ത്യൻസ് സ്കൗട്ടിംഗ് ടീമിന്‍റെ മികവിനെയും ഹാര്‍ദ്ദിക് മത്സരശേഷം വാഴ്ത്തി. പിന്നാലെ ഹാര്‍ദ്ദിക്കിന്‍റെ നിലപാട് മാറ്റത്തിനെതിരെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.
ഈ പിച്ചില്‍ അശ്വനി കുമാറിന് മികവ് കാട്ടാനാകുമെന്ന് കരുതിയാണ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്ന് പറഞ്ഞ ഹാര്‍ദ്ദിക് അതിന് ആദ്യം മുംബൈയുടെ സ്കൗട്ടിംഗ് ടീമിനെയാണ് അഭിനന്ദിക്കുന്നതെന്നും മത്സരശേഷം വ്യക്തമാക്കിയിരുന്നു. മുംബൈ ഇന്ത്യൻസിന്‍റെ സ്കൗട്ടിംഗ് ടീം രാജ്യത്തുടനീളം സഞ്ചരിച്ച് ഇത്തരം പ്രതിഭകളെ കണ്ടെത്തുന്നതിനെ അഭിനന്ദിച്ചേ മതിയാവുവെന്നും പരിശീലന മത്സരങ്ങളിലും അശ്വനി മികവ് കാട്ടിയെന്നും ഇതിനെല്ലാമുപരി ഇടം കൈയന്‍ പേസറാണെന്നതും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുമ്പോള്‍ കണക്കിലെടുത്തുവെന്നും ഹാര്‍ദ്ദിക് പറഞ്ഞു.
എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് ഇതേ മുംബൈ ടീമിനെ കുറ്റം പറഞ്ഞാണ് ഹാര്‍ദ്ദിക് ഗുജറാത്ത് ടൈറ്റന്‍സ് നായകനായി പോയതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. അന്ന് ഹാര്‍ദ്ദിക് പറഞ്ഞത്, വിജയിക്കുന്ന ടീമുകള്‍ രണ്ട് തരത്തിലാണുള്ളത് എന്നായിരുന്നു. ഒന്ന് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ മുഴുവന്‍ ടീമിലെത്തിച്ച് വിജയിക്കുകന്നതാണ്. മുംബൈ ഇന്ത്യൻസ് ഇത്തരത്തിലുള്ള ടീമാണ്. രണ്ടാമത്തേത് കളിക്കാർക്ക് മികച്ച സാഹചര്യമൊരുക്കി അവരില്‍ നിന്ന് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് വിജയിക്കുക എന്നതാണ്, ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഇതിന് മാതൃകയെന്നും അതാണ് തന്നെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതെന്നും ഹാര്‍ദ്ദിക് പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ ടീമിലെത്തിച്ചാണ് മുംബൈ ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയതെന്നായിരുന്നു ഹാര്‍ദ്ദിക് അന്ന് പറയാതെ പറഞ്ഞത്. എന്നാല്‍ ചെന്നൈ കളിക്കാര്‍ക്ക് മികവ് കാട്ടാന്‍ അവസരം നല്‍കിയാണ് കിരീടങ്ങള്‍ നേടുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ പ്രതിഭകളെ കണ്ടെത്താനും അവരെ മികച്ച താരങ്ങളാക്കി വളര്‍ത്തിയെടുക്കാനുമുള്ള മുംബൈയുടെ സ്കൗട്ടിംഗ് ടീമിന്‍റെ മികവിനെ പ്രശംസിച്ചതിലൂടെ ഹാര്‍ദ്ദിക് മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും തിലക് വര്‍മയുമെല്ലാം സൂപ്പര്‍ താരങ്ങളായത് മുംബൈ സ്കൗട്ടിംഗ് ടീം കണ്ടെത്തിയതുകൊണ്ടാണെന്ന് അരാധകര്‍ മറുപടി നല്‍കി.
