ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുലിനെ പുറത്തിരുത്തണമെന്നും ആരാധകര്‍.
ബെംഗളൂരു:ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തിയ കെ എല്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ രാഹുല്‍ രണ്ടാം ഇന്നിംഗ്സില്‍ സര്‍ഫറാസ് ഖാന്‍റെയും റിഷഭ് പന്തിന്‍റെയും വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പതറി നില്‍ക്കുമ്പോൾ 12 റണ്‍സെടുത്ത് മടങ്ങി.നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യയുടെ രക്ഷകനാവേണ്ട രാഹുല്‍ വാലറ്റക്കാരെപ്പോലെ പെട്ടെന്ന് മടങ്ങിയത് ആരാധകരെ ചൊടിപ്പിച്ചു.
ഇനിയും രാഹുലിനെവെച്ചുള്ള പരീക്ഷണം മതിയാക്കൂവെന്നും സര്‍ഫറാസ് ഖാനെപ്പോലെ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന താരങ്ങള്‍ക്ക് വസരം നല്‍കൂവെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ലൈവ് കമന്‍ററിക്കിടെ രവി ശാസ്ത്രിയും ഹര്‍ഷ ഭോഗ്‌ലെയും രാഹുലിന്‍റെ പ്രകടനത്തെ വിമര്‍ശിച്ചു. രാഹുല്‍ അവസാനമായി എപ്പോഴാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതെന്ന് ഓര്‍ക്കുന്നുണ്ടോ എന്ന ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് രാഹുല്‍ എല്ലാ തകര്‍ച്ചയിലും പങ്കാളിയായിരുന്നുവെന്നായിരുന്നു രവി ശാസ്ത്രിയുടെ മറുപടി.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുലിനെ പുറത്തിരുത്തണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു. പരിക്കിന്‍റെ നീണ്ട ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ രാഹുലിന് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും വലിയ സ്കോര്‍ നേടാനായിരുന്നില്ല. രണ്ടാം ടെസ്റ്റില്‍ നേടിയ അര്‍ധസെഞ്ചുറി മാത്രമാണ് രാഹുലിന് എടുത്തുപറയാനുള്ളത്. ന്യൂിസലന്‍ഡിനെതിരെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പതറുമ്പോള്‍ രാഹുലില്‍ നിന്ന് കൗണ്ടര്‍ അറ്റാക്കിംഗ് ഇന്നിംഗ്സായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ 16 പന്തില്‍ രണ്ട് ബൗണ്ടറി മാത്രം നേടി 12 റണ്‍സുമായി രാഹുല്‍ വില്യം ഔറൂക്കെയുടെ പന്തില്‍ ടോം ബ്ലണ്ടലിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
