'സെമിയില്‍ എത്തും മുമ്പ് കറാച്ചി വിമാനത്താവളത്തില്‍ എത്തി'; ശ്രീലങ്ക തോറ്റതിന് എയറിലായി പാക് ടീം
കിവീസിനെതിരെ ശ്രീലങ്ക തകർന്നടിഞ്ഞതോടെ ലങ്കൻ ടീമിനെ പിന്തുണച്ച പാക് ആരാധകരാണ് ശരിക്കും എയറിലായത്

ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്നലെ വ്യാഴാഴ്‌ച ന്യൂസിലന്‍ഡ്- ശ്രീലങ്ക മത്സരമായിരുന്നെങ്കിലും ട്രോൾ മുഴുവൻ പാകിസ്ഥാൻ ടീമിനെതിരെയായിരുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശ്രീലങ്ക അഞ്ച് വിക്കറ്റിന്‍റെ വൻ തോൽവി വഴങ്ങിയതോടെ പാക് ടീമിന്‍റെ സെമി സാധ്യത കുറഞ്ഞതാണ് ട്രോളന്മാർ എക്‌സ് (പഴയ ട്വിറ്റര്‍) അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ആഘോഷമാക്കിയത്.
കിവീസിനെതിരെ ശ്രീലങ്ക തകർന്നടിഞ്ഞതോടെ ലങ്കൻ ടീമിനെ പിന്തുണച്ച പാക് ആരാധകരാണ് ശരിക്കും എയറിലായത്. തോൽവിയിൽ ലങ്കൻ ടീമിനേക്കാൾ സങ്കടം ബാബര്‍ അസമിനും സംഘത്തിനുമായി. ഇതിന് ട്രോളന്മാർ കൂട്ടുപിടിച്ചത് സാക്ഷാൽ അപ്പുക്കുട്ടനേയും. ലങ്ക തോറ്റ സ്ഥിതിക്ക് 6 മണിക്ക് റാവൽപിണ്ടിക്കുള്ള വിമാനം പിടിക്കാമെന്ന് പാക് ടീമിനെ കളിയാക്കുന്നു ഒരു വിരുതൻ. ജയിച്ച് പാകിസ്ഥാനെ സെമിയിലെത്തിക്കാൻ പാക് താരങ്ങൾ ലങ്കൻ കളിക്കാരുടെ അളിയന്മാരാണോ എന്ന ചോദ്യവും സാമൂഹ്യമാധ്യമങ്ങളിലുയര്‍ന്നു. ഇനി സെമിയിലേക്കുള്ള പാക്കിസ്ഥാൻ ടീമിന്‍റെ വിദൂര സാധ്യതെയും വെറുതെ വിട്ടില്ല ട്രോളന്മാർ. അടുത്ത മത്സരത്തിൽ ഇംഗ്ലണ്ട് ടീമിനെ ഡ്രസിങ് റൂമിൽ പൂട്ടിയിട്ട് എല്ലാ കളിക്കാരെയും ടൈംഡ് ഔട്ട് ആക്കിയാലോ എന്ന് ഉപദേശിക്കുന്നവരുമുണ്ട്.
ലോകകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോൽപിച്ച ന്യൂസിലൻഡ് സെമിക്കരികെയെത്തി. ലങ്കയുടെ 171 റൺസ് 160 പന്ത് ശേഷിക്കേയാണ് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ കിവീസ് മറികടന്നത്. ടൂര്‍ണമെന്‍റില്‍ ലങ്കയുടെ ഏഴാം തോല്‍വിയാണിത്. ഇംഗ്ലണ്ടിനെതിരെ ശനിയാഴ്‌ച പാകിസ്ഥാൻ അത്ഭുതവിജയം നേടിയില്ലെങ്കിൽ ന്യൂസിലൻഡ് സെമിയിൽ ഇന്ത്യയെ നേരിടും. ഇംഗ്ലണ്ടിനെ കൊൽക്കത്തയിൽ 287 റൺസിനോ രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ 284 പന്ത് ശേഷിക്കേയോ പാകിസ്ഥാൻ തോല്‍പിച്ചില്ലെങ്കില്‍ ഇന്ത്യ- ന്യൂസിലൻഡ് സെമിഫൈനൽ ലോകകപ്പില്‍ നടക്കും.
Read more: ഇന്ത്യക്കെതിരെ സെമി ഫൈനല്‍! കിവീസ് പേടിച്ചുപോയി; മുന്‍കൂര്‍ ജാമ്യമെടുത്ത് കെയ്ന്‍ വില്യംസണ്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം