തൊട്ടടുത്ത ഓവറില്‍ ആസിഫ് ഷെയ്ഖിനെ കുടുക്കാനുള്ള അവസരവും ലഭിച്ചു. ഇത്തവണ ക്യാച്ച് വിട്ടുകളഞ്ഞത് മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ വിരാട് കോലിയാണ്.
കൊളംബൊ: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ ആദ്യ അഞ്ച് ഓവറിനിടെ മൂന്ന് ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മുഹമ്മദ് ഷമിയെറിഞ്ഞ ഒന്നാം ഓവറില്‍ തന്നെ നേപ്പാള്‍ ഓപ്പണര്‍ കുശാല്‍ ബര്‍ട്ടലിനെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ സ്ലിപ്പില്‍ ശ്രേയസ് അയ്യര്‍ വിട്ടുകളഞ്ഞു.
തൊട്ടടുത്ത ഓവറില്‍ ആസിഫ് ഷെയ്ഖിനെ കുടുക്കാനുള്ള അവസരവും ലഭിച്ചു. ഇത്തവണ ക്യാച്ച് വിട്ടുകളഞ്ഞത് മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ വിരാട് കോലിയാണ്. അതും അനായാസമായ ക്യാച്ച്. മുഹമ്മദ് സിറാജിന്റെ പന്തിലായിരുന്നു അവസരം. എന്നാല്‍ ഷോര്‍ട്ട് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിക്ക് കയ്യിലൊതുക്കാനായില്ല.
അഞ്ചാം ഓവറില്‍ വീണ്ടും മറ്റൊരു അവസരം കൂടി. ഇത്തവണയും കുശാലിനാണ് ജീവന്‍ ലഭിച്ചത്. മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ വളരെ അനായാസമായ ക്യാച്ച് വിട്ടുകളഞ്ഞു. മറ്റു രണ്ട് ക്യാച്ചുകളെ അപേക്ഷിച്ച് ലളിതമായിരുന്നു ഇത്. ബര്‍ട്ടല്‍ 38 റണ്‍സാണ് നേടിയത്. ബര്‍ട്ടലിന്റെ ഒതുക്കാനുള്ള രണ്ട് അവസരം നഷ്ടമാവുമ്പോഴും താരം രണ്ടക്കം കണ്ടിരുന്നില്ല. ആസിഫ് 58 റണ്‍സ് നേടുകയും ചെയ്തു.
ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനത്തില്‍ പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ചില തെറ്റായ കണക്കുകളും ആരാധകര്‍ നിരത്തുന്നുണ്ട്. കോലിയെ പരിഹസിക്കാന്‍ വേണ്ടി മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ വിട്ടത് അദ്ദേഹമാണെന്ന കണക്കുകള്‍ നിരത്തുന്നു. എന്നാല്‍ രോഹിത്താണ് ഇക്കാര്യത്തില്‍ മുന്നിലെന്ന് മറ്റുചിലര്‍. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
അതേസമയം, 2019 ഏകദിന ലോകകപ്പിന് ശേഷം ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ വിട്ടുകളഞ്ഞ ടീമുകളുടെ ശതമാന കണക്കെടുത്താല്‍ ഇന്ത്യ ഏറെ പിന്നിലാണ്. ആദ്യ പത്ത് ടീമുകളില്‍ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യക്ക് പിന്നില്‍. 75.1 ശതമാനം ക്യാച്ചുകള്‍ മാത്രമാണ് ഇന്ത്യയെടുത്തത്. ബംഗ്ലാദേശ് (75.8), പാകിസ്ഥാന്‍ (81.6) ഇന്ത്യയേക്കാള്‍ മുന്നിലാണ്.
