മുംബൈ: രണ്ട് വര്‍ഷത്തിലധികമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ ചര്‍ച്ച നടക്കുന്ന ബാറ്റിംഗ് പൊസിഷനാണ് നാലാം നമ്പര്‍. താരങ്ങളെ മാറ്റിമാറ്റി പരീക്ഷിക്കുന്ന ടീം മാനേജ്‌മെന്‍റിന്‍റെ വമ്പന്‍ പരീക്ഷണങ്ങള്‍ ഫലമുണ്ടാക്കുന്നില്ല എന്ന് ലോകകപ്പ് തെളിയിച്ചു. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിന് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുമ്പോഴും താരത്തിന്‍റെ അമിതാവേശം നാലാം നമ്പറിന് ചേര്‍ന്നതല്ല എന്നാണ് വിലയിരുത്തല്‍.

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഋഷഭ് പന്ത് നിരാശപ്പെടുത്തിയിരുന്നു. 35 പന്തില്‍ നേടിയത് വെറും 20 റണ്‍സ്. എന്നാല്‍ അഞ്ചാം നമ്പറിലെത്തിയ മലയാളി താരം ശ്രേയസ് അയ്യര്‍ 68 പന്തില്‍ 71 റണ്‍സുമായി മികച്ച ഇന്നിംഗ്‌സ് കാഴ്‌ചവെച്ചു. കോലിക്കൊപ്പമുണ്ടാക്കിയ 125 റണ്‍സ് കൂട്ടുകെട്ട് മത്സരത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ഇതോടെ പന്തിനെ മാറ്റി ശ്രേയസിനെ നാലാം നമ്പറില്‍ ഇറക്കണമെന്ന് വാദിക്കുകയാണ് ആരാധകര്‍.

ഏകദിനത്തില്‍ ശ്രേയസിന്‍റെ ബാറ്റിംഗ് റെക്കോര്‍ഡ് പന്തിനേക്കാള്‍ മികച്ചതാണ്. എട്ട് ഏകദിനങ്ങളില്‍ 46.83 ശരാശരിയില്‍ 281 റണ്‍സ് ശ്രേയസിനുണ്ട്. മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതേസമയം 11 ഏകദിനങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി പോലുമില്ലാതെ 25.44 ശരാശരിയില്‍ 229 റണ്‍സാണ് പന്തിന്‍റെ സമ്പാദ്യം. ശ്രേയസിനെ നാലാം നമ്പറില്‍ പരിഗണിക്കണമെന്ന് സുനില്‍ ഗാവസ്‌കറും കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് ഗൗതം ഗംഭീറും ആവശ്യപ്പെട്ടിരുന്നു.