Asianet News MalayalamAsianet News Malayalam

'അവന്‍റെ ആവേശത്തെ കൊല ചെയ്യരുത്'; അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അപ്രതീക്ഷിത പിന്തുണ

ഇപ്പോള്‍ ഇതാ വിവാദത്തില്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്‍റിന്‍റെ വാക്കുകള്‍ക്ക് പിന്തുണയുമായി ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തര്‍ രംഗത്ത് എത്തി. 

Farhan Akhtar Defends Arjun Tendulkar After Nepotism Debate
Author
Mumbai, First Published Feb 21, 2021, 10:06 AM IST

മുംബൈ: സച്ചിന്‍‍ ടെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ലേലത്തില്‍ എടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിവിധ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രധാനമായും നെപ്യൂട്ടിസം സംബന്ധിച്ച ആരോപണങ്ങളാണ് ഉയര്‍ന്നത്. 20 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് അര്‍ജുനിന് വേണ്ടി മുംബൈ ഇന്ത്യന്‍ ഐപിഎല്‍ ലേലത്തില്‍ രംഗത്ത് എത്തിയത്.

ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഇത് സംബന്ധിച്ച് വ്യാപകമായ പ്രചാരണം നടന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിച്ച് മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ദ്ധന തന്നെ രംഗത്ത് എത്തിയിരുന്നു. 'കഴിവിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് അര്‍ജുനെ പരിഗണിച്ചത്. സച്ചിന്‍റെ മകനെന്ന നിലയില്‍ വലിയൊരു ടാഗ് അയാളുടെ തലയ്‌ക്ക് മുകളിലുണ്ട്. എന്നാല്‍ ഭാഗ്യം കൊണ്ട് ബാറ്റ്സ്‌മാനല്ല, ബൗളറാണ് അര്‍ജുന്‍. അതിനാല്‍ അര്‍ജുനെ പോലെ പന്തെറിയാന്‍ കഴിഞ്ഞാല്‍ സച്ചിന് വളരെ അഭിമാനമാകും എന്ന് തോന്നുന്നു. അര്‍ജന്‍ കാര്യങ്ങള്‍ പഠിച്ചുവരികയാണ്. അര്‍ജുന്‍ മുംബൈക്കായി കളിച്ച് തുടങ്ങിയിട്ടേയുള്ളൂ, ഇപ്പോള്‍ ഫ്രാഞ്ചൈസിക്കായും. യുവതാരമായ അവന് അതിരുകള്‍ ഭേദിക്കാനാകും' എന്നാണ് ജയവര്‍ധനെയുടെ പ്രതികരണം.

'നെറ്റ്‌സില്‍ അര്‍ജുനൊപ്പം ഏറെ സമയം ചിലവഴിച്ചിട്ടുണ്ട്. ചില പാഠങ്ങളൊക്കെ പഠിപ്പിക്കാന്‍ ശ്രമിച്ചു. കഠിനാധ്വാനിയായ കുട്ടിയാണവന്‍. കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതില്‍ ശ്രദ്ധയുള്ളവന്‍. അത് ആവേശം നല്‍കുന്ന കാര്യമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനെന്ന നിലയിലുള്ള അധിക സമ്മര്‍ദം എപ്പോഴുമുണ്ടാകും. അതുമായി പൊരുത്തപ്പെട്ടേ മതിയാകൂ, ടീമിലെ സാഹചര്യം തുണയാകും' എന്നും മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ സഹീര്‍ ഖാന്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇതാ വിവാദത്തില്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്‍റിന്‍റെ വാക്കുകള്‍ക്ക് പിന്തുണയുമായി ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തര്‍ രംഗത്ത് എത്തി. ട്വീറ്ററിലൂടെയാണ് ഫറാന്‍റെ പ്രതികരണം. 'ഞാനും അര്‍ജുനും ഒരേ ജിമ്മിലാണ് എന്നും പോകാറ്, എത്രത്തോളം കഠിനാദ്ധ്വാനമാണ് ഫിറ്റ്നസിനായി അവന്‍ എടുക്കുന്നത് എന്ന് കാണാറുണ്ട്, എന്നും നല്ല ക്രിക്കറ്ററാകണം എന്ന ലക്ഷ്യമാണ് അവന്. ഇതിനെല്ലാം നെപ്യൂട്ടിസം എന്ന വാക്ക് ഉപയോഗിക്കുന്നത് തീര്‍ത്തും മാന്യതയില്ലാത്തതും ക്രൂരവുമാണ്. അവന്‍റെ ആവേശത്തെ കൊല ചെയ്യരുത്. അവന്‍റെ തുടക്കത്തിലെ വീഴ്ത്തരുത്" -ഫര്‍ഹാന്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios